തിരുവനന്തപുരം: ദളിത് ക്രൈസ്തവരുടെ സ്ഥിതി ദളിതരുടേക്കാൾ കഷ്‌ടത്തിലാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചേരമസാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവർ എന്ന പ്രിവിലേജ് ദളിത ക്രൈസ്തവർക്കില്ല. പട്ടികജാതി ആനുകൂല്യവും ലഭിക്കുന്നില്ല. 35 ലക്ഷം സമുദായാംഗങ്ങൾക്ക് സംവരണം ലഭിക്കുന്നില്ല. അവകാശങ്ങൾ കൃത്യമായി വീതിക്കപ്പെടണമെങ്കിൽ ജാതി സെൻസസ് നടപ്പാക്കണം. തമിഴ്നാട്ടിലെപ്പോലെ ദളിത് ക്രൈസ്തവർക്ക് മാത്രമായി സംവരണം വേണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ് അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി സുനിൽ കെ.തങ്കപ്പൻ, വൈസ് പ്രസിഡന്റ് പ്രവീൺ ജയിംസ്, കൊടിക്കുന്നിൽ സുരേഷ് എം.പി, ലൂഥറൻ ചർച്ച് ഒഫ് ഇന്ത്യ മേജർ ആർച്ച് ബിഷപ് ഡോ. റോബിൻസൺ ഡേവിഡ് തുടങ്ങിയവർ സംസാരിച്ചു.