കാസർകോട്: കുമ്പളയിൽ പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കോടതി നരഹത്യയ്ക്ക് കേസെടുത്തു. കുമ്പള മുൻ എസ്.ഐ രജിത്, സി.പി.ഒ മാരായ ദീപു, രഞ്ജിത്ത് എന്നിവർക്കെതിരെയാണ് കാസർകോട് മുൻസീഫ് കോടതി കേസെടുത്തത്. ഇവർക്ക് ഫെബ്രുവരി 19 ന് ഹാജരാകാൻ കോടതി സമൻസ് അയച്ചു.
അംഗഡിമൊഗർ ജി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥി ഫർഹാസ് ആണ് അപകടത്തിൽ മരിച്ചത്. പിന്നാലെ കുമ്പള പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ മാതാവ് സഫിയ മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന റിപോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് മാതാവിന്റെ ഹർജിയിലാണ് കോടതിയുടെ നടപടി.
കഴിഞ്ഞ വർഷം സ്കൂളിലെ ഓണാഘോഷം കഴിഞ്ഞ് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പ്ലസ്ടു വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ പൊലീസ് പിന്തുടരുന്നതിനിടെ തലകീഴായി മറിയുകയായിരുന്നു. നാല് വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്. വാഹനപരിശോധനയ്ക്കിടെ വാഹനം പൊലീസ് വാഹനത്തിൽ ഇടിച്ച ഇവരുടെ കാർ നിർത്താതെ പോയതിനെ തുടർന്ന് പൊലീസ് പിന്തുടരുന്നതിനിടെ ഫർഹാസ് ഓടിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വിദ്യാർത്ഥികളുടെ വാഹനം പൊലീസ് പിന്തുടരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അപകടത്തിൽ ഫർഹാസിന് മാത്രമാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്. ആഗസ്ത് 30 നാണ് ഫർഹാസ് മരിച്ചത്.