
തിരുവനന്തപുരം: പൊലീസിന്റെ ഫോറൻസിക് സയൻസ് ലാബുകളിലെ സയന്റിഫിക് ഓഫീസർ തസ്തികയിലേക്ക് യോഗ്യതയുള്ളവർ പുറത്ത്. സയന്റിഫിക് ഓഫീസർമാർക്കുള്ള പി.എസ്.സി വിജ്ഞാപനത്തിലാണ് ഫോറൻസിക് സയൻസ് എം.എസ് സി ക്കാർക്കും സൈബർ ഫോറൻസിക് എം.ടെക്കുകാർക്കും അപേക്ഷിക്കാനാകാത്തത്. സ്‌പെഷ്യൽ റൂളിൽ ഈ യോഗ്യതകൾ ഉൾപ്പെടുത്താത്തതാണ് കാരണം. അപേക്ഷിക്കാനുള്ള തീയതി നാളെ അവസാനിക്കെ, വിജ്ഞാപനം റദ്ദാക്കി റൂൾ ഭേദഗതി നടപ്പാക്കിയാൽ മാത്രമേ ഇത്തരക്കാർക്ക് അപേക്ഷിക്കാനാകൂ.
കേന്ദ്രസർക്കാർ ലബോറട്ടറികളിലും മറ്റുസംസ്ഥാനങ്ങളിലെ ലബോറട്ടറികളിലും ഈ തസ്തികയ്‌ക്ക് ഫോറൻസിക് സയൻസ് എം.എസ് സി ക്കാർക്കും സൈബർ ഫോറൻസിക് എം.ടെക്കുകാർക്കും മുൻഗണന നൽകുമ്പോഴാണ് കേരളത്തിൽ അവഗണന. കേരളത്തിൽ എം.എസ്‌സി സുവോളജി, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി എന്നിവ വിജയിച്ചവർക്ക് മാത്രമായി നിയമനം പരിമിതപ്പെടുത്തിയിരിക്കുകയാണ്. അതിനാൽ എം.എസ്‌സി ഫോറൻസിക് സയൻസും എം.ടെക് സൈബർ ഫോറൻസിക്കും വിജയിച്ചവർക്ക് ജോലി ലഭിക്കാത്ത സാഹചര്യമാണ്. കേന്ദ്രസർക്കാരും കേരള പൊലീസും ആവശ്യപ്പെട്ടിട്ടും ചട്ടഭേദഗതിക്ക് സംസ്ഥാനത്ത് നടപടിയായിട്ടില്ല.
ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്ന സയന്റിഫിക് ഓഫീസർമാരെ നിയമിക്കാൻ കംപ്യൂട്ടർ ബിരുദമോ സൈബർ ഫോറൻസിക് പരിജ്ഞാനമോ അടിസ്ഥാനയോഗ്യതയായി നിശ്ചയിച്ചിട്ടില്ല.
എം.എസ്‌സി യോഗ്യതയുള്ളവരെ നിയമിച്ചശേഷം അവർക്ക് പൊലീസിന്റെ ചെലവിൽ ഫോറൻസിക് സയൻസിൽ പരിശീലനം നൽകി ലാബുകളിൽ നിയമിക്കും. സർക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതാണ് ഈ നടപടി.