തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന ദേശീയ 'കേരള പദയാത്ര' ഫെബ്രുവരി 12ന് തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ. അന്നു വൈകിട്ട് 3ന് പുത്തരിക്കണ്ടം മൈതാനത്ത് പദയാത്രയുടെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നിർവഹിക്കും. പുത്തരിക്കണ്ടം മുതൽ പാപ്പനംകോട് വരെയുള്ള പദയാത്രയിൽ കെ. സുരേന്ദ്രനും പ്രമുഖ നേതാക്കൾക്കുമൊപ്പം ഇരുപത്തിയയ്യാരത്തിലധികം പ്രവർത്തകർ അണിചേരുമെന്ന് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ വി.വി.രാജേഷ് അറിയിച്ചു.
27ന് കാസർകോട്ട് ആരംഭിച്ച പദയാത്ര ഫെബ്രുവരി 27ന് പാലക്കാട്ട് സമാപിക്കും. പദയാത്ര 20 ലോക്സഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകും. കാൽ ലക്ഷം പേരാണ് യാത്രയിൽ ഓരോ ദിവസവും അണിചേരുന്നത്. 12നു രാവിലെ തിരുവനന്തപുരത്തെ പ്രമുഖ വ്യക്തികളെ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ സന്ദർശിച്ച് പ്രധാനമന്ത്രി മുന്നോട്ടുവച്ച വികസന സങ്കല്പങ്ങൾ ചർച്ച ചെയ്യും. യാത്രയോടനുബന്ധിച്ച് സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ ബി.ജെ.പിയിൽ ചേരും. കേന്ദ്ര സർക്കാരിന്റെ വികസനപദ്ധതികൾ അവതരിപ്പിക്കും. കേരളത്തിനായി കേന്ദ്രം നൽകിയ പദ്ധതികളുടെ വിവരണവും ഉണ്ടാകും. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളെ പദയാത്രയിൽ കെ.സുരേന്ദ്രൻ അനുമോദിക്കും.