തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് വികസനം സംബന്ധിച്ച കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ വിമർശനത്തിന് പരോക്ഷ മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കരാറുകാരനെ ഒഴിവാക്കിയത് ചിലർക്ക് പിടിച്ചില്ലെന്ന് റിയാസ് പറഞ്ഞു. നേമം മണ്ഡലത്തിലെ പാപ്പനംകോട് എസ്റ്റേറ്റ് റോഡിനെയും പൂജപ്പുര മുടവൻമുഗളിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മുടവൻ മുഗൾ പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കവേയാണ് മന്ത്രിയുടെ മറുപടി.
സ്മാർട്ട് റോഡ് വികസനത്തിന്റെ പേരിൽ ജനത്തെ തടവിലാക്കുന്നുവെന്ന് നഗരസഭാ വികസന സെമിനാറിൽ കടകംപള്ളി സുരേന്ദ്രൻ വിമർശനമുന്നയിച്ചിരുന്നു. ഇതിനെതിരെയാണ് റിയാസ് കടകംപള്ളി സുരേന്ദ്രന്റെ പേരെടുത്തുപറയാതെ മറുപടി നൽകിയത്. '' മുൻപുണ്ടായിരുന്ന കരാറുകാരന്റെ നിസ്സഹകരണം പണി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് തടസ്സമായിരുന്നു. എന്തും ചെയ്യാമെന്ന ഹുങ്കോടുകൂടി പ്രവർത്തിച്ചു. പലവട്ടം തിരുത്താൻ ശ്രമിച്ചിട്ടും നടന്നില്ല. തുടർന്ന് ഈ കരാറുകാരനെ സർക്കാർ പിരിച്ചുവിട്ടു. കരാറുകാരനെ ഒഴിവാക്കിയത് ചിലർക്ക് പൊള്ളി. ആ മുറിവ് ഇതുവരെ ഉണങ്ങിയിട്ടില്ല. പൊള്ളലേറ്റ് മുറിവുണങ്ങാത്തവർ എന്തുപറഞ്ഞാലും ജനം വിശ്വസിക്കില്ല. ചില താത്പര്യമുള്ളവർക്കാണ് ഇഷ്ടപ്പെടാതിരുന്നത്. ആകാശത്ത് റോഡ് നിർമ്മിച്ച് താഴെ കൊണ്ട് ഫിറ്റ് ചെയ്യാൻ ആകില്ല. തിരിയേണ്ടവർക്ക് തിരിഞ്ഞു എന്ന് കരുതുന്നു. എത്ര വലിയ കരാറുകാരനായാലും സർക്കാർ നിബന്ധനകൾ അനുസരിച്ച് സമയബന്ധിതമായി പണി പൂർത്തിയാക്കാൻ തയ്യാറായില്ലെങ്കിൽ പിരിച്ചുവിടാൻ മടിക്കില്ല''- റിയാസ് പറഞ്ഞു. മുടവൻമുഗൾ പാലത്തിന്റെ നിർമ്മാണപുരോഗതി തന്റെ ഓഫീസ് നേരിട്ട് വിലയിരുത്തുമെന്നും റിയാസ് കൂട്ടിച്ചേർത്തു.
കാലങ്ങളായുള്ള ആവശ്യമാണ് റോഡ് നവീകരണം. മാർച്ച് 31നകം ബാക്കി റോഡുകൾ പൂർത്തിയാക്കും. നഗരത്തിലെ മറ്റു എം.എൽ.എമാർ ഇതിനോട് യോജിച്ചു. മഴക്കാലത്തിനു മുമ്പ് പ്രവർത്തനം പൂർത്തിയാക്കണം. ഒറ്റയാൾക്ക് കരാർ നൽകുന്നതായിരുന്നു പണ്ടത്തെ രീതി. എന്നാൽ പണി പൂർത്തിയാകാൻ വേണ്ടിയാണ് ഇപ്പോൾ കരാർ വീതിച്ചുനൽകുന്നത്. കരാർ വീതിച്ച് നൽകിയില്ലെങ്കിൽ പണി പൂർത്തിയാവില്ലായിരുന്നു. റോഡ് വികസനത്തിൽ മേയർ മാതൃകാപരമായി ഇടപെട്ടുവെന്നും റിയാസ് പറഞ്ഞു.
മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ജി.ആർ. അനിൽ മുഖ്യാതിഥിയായി. മേയർ ആര്യാ രാജേന്ദ്രൻ, നഗരസഭാ കൗൺസിലർമാർ, തദ്ദേശസ്വയംഭരണ പ്രതിനിധികൾ, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു. നേമം മണ്ഡലത്തിലെ എസ്റ്റേറ്റ് വാർഡിലെ സത്യൻ നഗറിലാണ് 13.6 കോടി രൂപ ചെലവിട്ട് പാലം നിർമ്മിക്കുന്നത്. 7.5 മീറ്റർ വാഹനപാതയും 1.5 മീറ്റർ വീതിയിൽ നടപ്പാതകളും ഉൾപ്പെടെ 11 മീറ്റർ വീതിയിലാണ് പാലം. 230 മീറ്ററിൽ അപ്രോച്ച് റോഡും നിർമ്മിക്കും. പാലം പൂർത്തിയാകുന്നതോടെ പൂജപ്പുര മുടവൻമുഗൾ ഭാഗത്തുനിന്ന് പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, മലമേൽക്കുന്ന് ഭാഗത്തേക്കും തിരിച്ചും വളരെ എളുപ്പത്തിൽ യാത്ര ചെയ്യാൻ സാധിക്കും.