
തിരുവനന്തപുരം: ഞാൻ മരിക്കണോ? എന്ന ചോദ്യമുയർന്നു നിൽക്കുന്ന ബോർഡുമായി സെൽവദാസ് ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നിലുണ്ടായിരുന്നു.ജീവിതഭാരം മുഴുവൻ പേറി ഒറ്റയാൾ സമരത്തിനിറങ്ങിയ ആ വൃദ്ധൻ ആലുവ സ്വദേശിയാണ്. ആത്മഹത്യയല്ലാതെ തനിക്ക് വേറെ വഴിയില്ലെന്ന് പറഞ്ഞ് സെൽവദാസ് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്തത് മണിക്കൂറുകൾ. 58 വയസുള്ള സെൽവദാസിന് ആരോഗ്യ പ്രശ്നങ്ങൾ കാരണം ജോലി ചെയ്യാനാവുന്നില്ല.വരുമാനം നിലച്ചിട്ട് മാസങ്ങൾ കഴിഞ്ഞു.വീടും സ്ഥലവുമില്ലാത്ത ഇദ്ദേഹം 38 വർഷമായി വാടക വീട്ടിലാണ് താമസിക്കുന്നത്.വീടിന്റെ വാടക 7000 രൂപ.ലഭിച്ചിരുന്ന പെൻഷൻ മുടങ്ങിയിട്ട് ആറ് മാസമായി.തനിക്ക് ലൈഫ് മിഷൻ പദ്ധതിയിൽ വീട് അനുവദിക്കണമെന്നാണ് സെൽവദാസിന്റെ പ്രധാന അപേക്ഷ.നിത്യചെലവിനു പോലും നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുന്ന തനിക്ക് മൂന്നു ലക്ഷം കടമുണ്ടെന്നും സെൽവദാസ് പറയുന്നു. സർക്കാർ കനിയുമെന്ന് പ്രതീക്ഷയിലാണ് പൊരിവെയിലിൽ ആരും പിന്തുണയില്ലാത്ത ഈ സാധുമനുഷ്യന്റെ ഒറ്റയാൾ സമരം.