
ഉദിയൻകുളങ്ങര : കുടുംബാംഗങ്ങൾ മാതൃകയാക്കേണ്ട വേനൽക്കാല കൃഷിരീതിയുമായി മുൻ പാറശാല നിയോജക മണ്ഡലം നിയമസഭ സാമാജികൻ എ.ടി. ജോർജ്. പാറശാല വെട്ടുവിളബിഷാ കോട്ടേജിൽ സ്ഥിതിചെയ്യുന്ന 1600 സ്ക്വയർ ഫീറ്റോളം വരുന്ന വീട്ടിലാണ് 18 ഓളം പച്ചക്കറികൾ ചെടിച്ചട്ടികളിലും ചാക്കുകളിലുമായി ജോർജ് കൃഷി ചെയ്യുന്നത്. ചാക്കിൽ ജൈവവളം നിറച്ച് ആറുമാസം കൊണ്ട് വിളവെടുക്കാൻ കഴിയുന്ന കത്തിരിക്ക, വഴുതനങ്ങ, പച്ചമുളക്, അമരക്ക, ചേമ്പ്, ചേന, കൂവ, തക്കാളി, വെണ്ട, ചീര, ഇഞ്ചി, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികളും മുയൽചെവിയൻ, അമൃതവള്ളി, ചക്കരക്കൊല്ലി, വാദം കൊല്ലി തുടങ്ങിയ ഔഷധസസ്യങ്ങളും എ.ടി.ജോർജിന്റെ കൃഷിയിടത്തിലുണ്ട്. രാവിലെയുള്ള ഒഴിവു സമയങ്ങളാണ് ജോർജ് കൃഷി പരിപാലനത്തിനായി മാറ്റി വയ്ക്കുന്നത്. വീട്ടമ്മമാർ ഈ കൃഷി രീതികൾ മാതൃകയാക്കണമെന്ന് ജോർജ് പറയുന്നു. വീടുകളിൽ നിന്നുള്ള പച്ചക്കറി അവശിഷ്ടങ്ങൾ, മുട്ടത്തോട്, തേയിലപ്പൊടി തുടങ്ങിയ ജൈവവളങ്ങൾ കൊണ്ട് ഈ കൃഷിരീതിയെ ഫലപ്രാപ്തിയിലെത്തിക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ഈ കർഷകൻ.