
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ ഒന്നാംഘട്ടം ഡിസംബർ മൂന്നിന് മുമ്പ് പൂർത്തിയാക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു. ഇതിനനുസരിച്ചുള്ള നിർമ്മാണം പുരോഗമിക്കുകയാണ്. നിലവിൽ 72 ശതമാനം പൂർത്തിയായി. ഇതിൽ ബർത്തുകൾ 87.75 ശതമാനവും കെട്ടിട നിർമ്മാണം 81.18 ശതമാനവും പൂർത്തിയായി.
യു.എ.ഇയിലേക്ക് യാത്രാക്കപ്പൽ പരിഗണനയിൽ : മന്ത്രി വാസവൻ
തിരുവനന്തപുരം : യു.എ.ഇയിലേക്കുള്ള യാത്രാക്കപ്പൽ സാദ്ധ്യതകൾ സർക്കാർ പരിശോധിച്ചു വരികയാണെന്ന് മന്ത്രി വി.എൻ.വാസവൻ നിയമസഭയെ അറിയിച്ചു. പ്രാരംഭഘട്ടനടപടികൾ പുരോഗമിക്കുകയാണ്.
പ്ലാച്ചിമട നഷ്ടപരിഹാരം:
നിയമനിർമ്മാണം പരിഗണനയിൽ
തിരുവനന്തപുരം: പ്ലാച്ചിമടയിലെ ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകാനായി നിയമനിർമ്മാണം നടത്താൻ കഴിയുമോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു.
ജലജീവൻ പദ്ധതിക്കായി പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ പണം അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ഹജ്ജ് വിമാന നിരക്ക് വർദ്ധന:
കേന്ദ്രശ്രദ്ധയിൽപ്പെടുത്തും
കരിപ്പൂരിലെ ഹജ്ജ് യാത്രക്കാരിൽ നിന്ന് എയർഇന്ത്യ അമിത നിരക്കീടാക്കുന്നത് കേന്ദ്രശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് 86000 രൂപ നിരക്കുള്ളപ്പോൾ കരിപ്പൂരിൽ നിന്ന് 1.65 ലക്ഷമാണ് ഈടാക്കുന്നത്. ഏകീകൃത നിരക്ക് ഈടാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന, ന്യൂനപക്ഷ മന്ത്രിമാരെ കാണും.
വനിതകൾക്ക്
5 ലക്ഷം വരെ
സംരംഭക വായ്പ
തിരുവനന്തപുരം : വനിതകൾക്ക് കേരള ബാങ്ക് മുഖേന 5 ലക്ഷം രൂപ വരെ സംരംഭക വായ്പകൾ നൽകുന്നുണ്ടെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. കൂടാതെ ഇലക്ട്രിക് ഉൾപ്പെടെയുള്ള വാഹനം വാങ്ങുന്നതിന് 2 ലക്ഷം രൂപ വരെയുള്ള ഷീ ടൂ വീലർ വായ്പയും നൽകുന്നു.
സഹജ മൈക്രോ ഫിനാൻസ് എന്ന സ്ക്രീമിലൂടെ 20 ലക്ഷം രൂപ വരെ കു എസ്.എച്ച്.ജി വായ്പയായി നൽകും. അസംഘടിത മേഖലയിൽ പണിയെടുക്കുന്ന ചുമട്ടു തൊഴിലാളികൾക്ക് വേണ്ടി 3 ലക്ഷം രൂപ വരെ പരസ്പര ജാമ്യത്തിൽ നൽകുന്നുണ്ട്.
മിഷൻ 1000 പദ്ധതിയിൽ ലഭിച്ചത്
152 അപേക്ഷ: മന്ത്രി രാജീവ്
തിരുവനന്തപുരം: സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മിഷൻ 1000 പദ്ധതിയുടെ ആദ്യഘട്ടത്തിൽ ലഭിച്ച 152 അപേക്ഷകളിൽ 88 എണ്ണം അംഗീകരിച്ചതായി മന്ത്രി പി. രാജീവ് നിയമസഭയെ അറിയിച്ചു. 60 മാർക്കിന് മുകളിൽ ലഭിച്ചവയ്ക്കാണ് അംഗീകാരം ലഭിച്ചത്. അടുത്ത ബാച്ച് അപേക്ഷ സ്വീകരിക്കുന്നതിനായി ജനുവരി നാലിന് പോർട്ടൽ തുറന്നു. പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് തദ്ദേശ സ്ഥാപനങ്ങളിൽ 'ഒരു തദ്ദേശ സ്ഥാപനം ഒരു ഉത്പന്നം" പദ്ധതി നടപ്പാക്കുന്നതിന് 50,000 രൂപ സാമ്പത്തിക സഹായം നൽകുന്നുണ്ട്. 640 തദ്ദേശസ്ഥാപനങ്ങൾ ഓരോ ഉത്പന്നങ്ങൾ കണ്ടെത്തി. വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിന് ഏജൻസികളെ എംപാനൽ ചെയ്യുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വയനാട് തുരങ്കപാത: ഇക്കൊല്ലം പണി തുടങ്ങുമെന്ന് മന്ത്രി
തിരുവനന്തപുരം: വയനാട് ചുരത്തിന് ബദൽ മാർഗ്ഗമായ ആനക്കാമ്പൊയിൽ- മേപ്പാടി തുരങ്കപാതയുടെ ടെൻഡർ നടപടികളിലേക്ക് കടക്കുകയാണെന്നും ഇക്കൊല്ലം നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനാവുമെന്നും മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. നിലവിലെ ചുരം റോഡിലെ ആറ്, ഏഴ്, എട്ട് വളവുകളിൽ 40.67കോടി ചെലവിൽ സംരക്ഷണഭിത്തി കെട്ടും. ഇതിനുള്ള ഡി.പി.ആർ ഉടൻ തയ്യാറാവും. ഈ റോഡിൽ ചുരം ഒഴികെയുള്ള ഭാഗം നാലുവരിയാക്കാനുള്ള പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചു. രണ്ട് ബദൽ പാതകൾ സാദ്ധ്യമാക്കാനും ശ്രമിക്കുന്നുണ്ട്. വനഭൂമിയുള്ളതാണ് വികസനത്തിന് തടസമെന്നും ഒ.ആർ. കേളുവിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
വന്യജീവി സംഘർഷം: 620 കോടിയുടെ
പദ്ധതി കേന്ദ്രം അംഗീകരിച്ചില്ല
തിരുവനന്തപുരം: വനമേഖലയിലെ മനുഷ്യ- വന്യജീവി സംഘർഷത്തിന് പരിഹാരമുണ്ടാക്കാൻ തയ്യാറാക്കിയ 620കോടിയുടെ പ്രതിരോധ പദ്ധതി കേന്ദ്രം അംഗീകരിച്ചില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. വന്യജീവികളുടെ എണ്ണം നിയന്ത്രിച്ചാലേ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാനാവൂ. പ്രശ്നപരിഹാരം തേടി ഫെബ്രുവരി 7ന് കേന്ദ്ര വനംമന്ത്രിയെ റവന്യൂമന്ത്രിയും താനും കാണുമെന്നും ഒ.ആർ. കേളുവിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
കുറക്കോളി മൊയ്തീന്റെ 'തെരുവ് നായ'
പ്രയോഗം, തിരിച്ചടിച്ച് സി.കെ.ആശ
തിരുവനന്തപുരം; നവകേരളസദസുമായി മുഖ്യമന്ത്രിയും ഇരുപത് മന്ത്രിമാരും തെരുവിലിറങ്ങിയ ഒരുമാസം തെരുവ് നായ ശല്യമുണ്ടായില്ലെന്ന് കുറക്കോളി മൊയ്തീൻ എം.എൽ.എ. നവകേരള സദസ് നടക്കുമ്പോൾ യു.ഡി.എഫുകാർ മാളത്തിലൊളിച്ചതുകൊണ്ടാണോ അദ്ദേഹം തെരുവ് നായകളെ കാണാനില്ലെന്ന് പറഞ്ഞതെന്ന് തിരിച്ചടിച്ച് സി.കെ.ആശ എം.എൽ.എ.
ഇന്നലെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചർച്ചയിലാണ് ഇരുവരും തമ്മിൽ വാഗ്വാദം ഉണ്ടായത്.
കുറക്കോളി മൊയ്തീന്റെ പരാമർശത്തിനെതിരെ പി.പി. ചിത്തരഞ്ജൻ ക്രമപ്രശ്നം ഉന്നയിച്ചു. തെരുവ് പട്ടികളോടാണ് ഉപമയെന്നാരോപിച്ച് ബഹളം തുടങ്ങി.
പരിശോധിച്ച് നടപടിയെടുക്കാമെന്ന് സ്പീക്കർ മറുപടി നൽകി. തെരുവ് നായശല്യത്തെക്കുറിച്ച് ആ സമയത്ത് താൻ പത്രത്തിൽ വായിച്ചില്ലെന്നും നിങ്ങൾ വായിച്ചോ എന്നും കുറക്കോളി മൊയ്തീൻ ചോദിച്ചു.
തുടർന്ന് സംസാരിക്കുമ്പോഴാണ് സി.കെ.ആശ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചത്.
പ്രജാസഭയിൽ ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ട നാരായണൻ തുപ്പൽ കോളാമ്പി തട്ടിമറിച്ച് എല്ലാവരുടെയും ശ്രദ്ധ നേടിയതാണ് ഗവർണറുടെ നടപടി ഓർമ്മിപ്പിക്കുന്നതെന്നും ആശ പറഞ്ഞു.
പിണറായി പറയാത്തത്
രാഹുൽ പറയുന്നു
തിരുവനന്തപുരം; കേന്ദ്ര സർക്കാരിനെതിരെ യാതൊന്നും പറയാതെയുള്ള നയപ്രഖ്യാപനം കേന്ദ്ര അന്വേഷണ ഏജൻസികളെ പേടിച്ചാണെന്നും പിണറായി വിജയൻ പറയാത്തതാണ് രാഹുൽഗാന്ധി പറയുന്നതെന്നും എ.പി.അനിൽകുമാർ എം.എൽ.എ പറഞ്ഞു. ആസാമിൽ രാഹുൽഗാന്ധിക്ക് പിന്തുണയുമായി സി.പി.എമ്മുകാർ വരുന്നത് കേരളത്തിലെ സി.പി.എമ്മുകാർ കാണുന്നില്ലേ എന്നും നന്ദിപ്രമേയ ചർച്ചയിൽ അദ്ദേഹം ചോദിച്ചു. പിണറായി വിജയൻ അസഹിഷ്ണതയുടെ ആൾരൂപമാണ്. മുഖസ്തുതിയിൽ വീഴേണ്ടവരല്ല കമ്യൂണിസ്റ്റുകാർ എന്ന് വി.എസ് .അച്യുതാനന്ദൻ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.