
കേരളകൗമുദി വാർത്തയെത്തുടർന്ന് റോഡുപണി തുടങ്ങി
കല്ലമ്പലം: അപകടം തുടർക്കഥയായ മുല്ലനല്ലൂർ - ശ്രീ നഗരുകാവ് ശ്രീകൃഷ്ണ ക്ഷേത്രം റോഡിന്റെ പണികൾ ആരംഭിച്ചു. കഴിഞ്ഞ നവംബർ 18 ന് "അകംപൊള്ളയായ റോഡിൽ അപകട യാത്ര" എന്ന തലക്കെട്ടിൽ കേരളകൗമുദിയിൽ വന്ന വാർത്തയെത്തുടർന്നാണ് നടപടി. ഏതുനിമിഷവും തകർന്നുവീഴാവുന്ന സ്ഥിതിയിൽ അകം പൊള്ളയായ റോഡിലൂടെ അപകടം മനസിലാകാതെ നിരവധി വാഹനങ്ങളും ജനങ്ങളും സഞ്ചരിച്ചിരുന്നു. നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലെ മുല്ലനല്ലൂർ ജംഗ്ഷനിൽ നിന്നും ശ്രീ നഗരുകാവ് ശ്രീകൃഷ്ണ ക്ഷേത്രം വഴി പോകുന്ന റോഡിനായിരുന്നു ഈ അവസ്ഥ.
വയൽ നികത്തി പാത
ക്ഷേത്രത്തിനു സമീപം 400 ഓളം മീറ്റർ വയൽ നികത്തിയാണ് 15 വർഷത്തിനു മുൻപ് റോഡ് നിർമ്മിച്ചത്. തുടക്കത്തിൽ ചെമ്മൺപാതയായിരുന്നു. വയലിന്റെ മദ്ധ്യഭാഗത്തായി വെള്ളം കടന്നുപോകാൻ 50 മീറ്റർ ദൂരത്തിൽ രണ്ടിടത്ത് കുറുകെ അടുപ്പിച്ച് ജി.ഐ പൈപ്പിട്ട് വെള്ളം പോകാനുള്ള സൗകര്യം ഒരുക്കി മുകൾ ഭാഗം മണ്ണിട്ടുമൂടുകയായിരുന്നു. കാൽനടയാത്രയും ഇരുചക്രവാഹനങ്ങളും മാത്രമായിരുന്നു ഈ ചെമ്മൺപാതയിലൂടെ ലക്ഷ്യംമിട്ടിരുന്നത്.
ഒടുവിൽ കോൺക്രീറ്റ് പാത
ക്ഷേത്രത്തിന്റെ വികസനവും റോഡിന്റെ പ്രാധാന്യവും നാവായിക്കുളം മടവൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡെന്ന പ്രത്യേകതയും ക്ഷേത്രത്തിനു സമീപം മറ്റു റോഡിൽ ചേർന്ന് രണ്ടായി പിരിഞ്ഞ് ഒരു റോഡ് വലിയകുന്നിലും മറ്റൊന്ന് അമ്പിളിമുക്ക് വഴി വിവിധ സ്ഥലങ്ങളിലേക്കും പോകുന്നതിനാലും പത്ത് വർഷം മുൻപ് ഏലായ്ക്ക് കുറുകെയുള്ള ചെമ്മൺപാത കോൺക്രീറ്റ് ചെയ്ത് വെടിപ്പാക്കി. ഇതോടെ സ്കൂൾ ബസുകളടക്കം നിരവധി വാഹനങ്ങളും കടന്നുപോകാൻ തുടങ്ങി. പൈപ്പിനുമുകളിലൂടെ നിർമ്മിച്ച റോഡാണിതെന്നുള്ള കാര്യം എല്ലാവരും മറന്നു.
വാർത്ത ഫലം കണ്ടു
വലിയ വാഹനങ്ങൾ പോകാൻ തുടങ്ങി വർഷങ്ങൾ കഴിഞ്ഞതോടെ റോഡിന് കുലുക്കവും ആട്ടവും അനുഭവപ്പെട്ടു. നാട്ടുകാർ പരിശോധിച്ചപ്പോൾ പൈപ്പുകൾ ദ്രവിച്ച് എങ്ങും ഒരു പിടിത്തവും ഇല്ലാതെ 4 ഇഞ്ച് കനം മാത്രം ഉള്ള കോൺക്രീറ്റിന്റെ ബലത്തിലാണ് വാഹനങ്ങൾ ഓടുന്നത്. അപകട മുന്നറിയിപ്പ് ബോർഡുകൾ പോലും സ്ഥാപിച്ചിട്ടില്ലായിരുന്നു. ഇതിലൂടെ വെള്ളത്തിന്റെ ഒഴുക്കും ഉണ്ട്. തുലാവർഷം അവസാനിക്കുന്നതിനു മുൻപ് രണ്ടും തകരുമെന്ന് നാട്ടുകാർ ഉറപ്പിച്ചുകഴിഞ്ഞതാണ്. വാർത്തയെ തുടർന്ന് വാർഡ് മെമ്പർ മുൻകൈയെടുത്ത് പഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷം രൂപ അനുവദിച്ച് പണി തുടങ്ങുകയായിരുന്നു.