x

ആലപ്പുഴയിലെ ബി.ജെ.പി നേതാവും അഭിഭാഷകനുമായിരുന്ന രൺജിത്ത് ശ്രീനിവാസിനെ വീട്ടിൽ അതിക്രമിച്ചുകയറി അതിനിഷ്ഠൂരമാംവിധം വെട്ടിക്കൊന്ന കേസിൽ മുഴുവൻ പ്രതികൾക്കും മാവേലിക്കര അഡിഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നു. പതിന‍ഞ്ച് പ്രതികളുള്ള കേസിൽ 14 പേർക്കുള്ള ശിക്ഷയേ കോടതി സാങ്കേതികമായി പ്രസ്താവിച്ചിട്ടുള്ളൂ എങ്കിലും,​ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പക്ഷാഘാത ചികിത്സയിൽ കഴിയുന്നതിനാൽ കോടതിയിൽ ഹാജരാകാൻ കഴിയാതിരുന്ന പത്താംപ്രതി ഉൾപ്പെടെ പതിനഞ്ചു പേരും തുല്യശിക്ഷയ്ക്ക് അർഹരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കൊലക്കേസിൽ ഇത്രയധികം പ്രതികൾക്ക് കൂട്ടവധശിക്ഷ വിധിക്കുന്നത്.

അപൂർവങ്ങളിൽ അപൂർവമായ കേസുകളിലേ സാധാരണഗതിയിൽ തൂക്കുകയർ വിധിക്കാറുള്ളൂ. രൺജിത്ത് ശ്രീനിവാസ് വധക്കേസിലെ ശിക്ഷാവിധിയും അങ്ങനെ അപൂർവത്തിൽ അപൂർവമായി നീതിന്യായ ചരിത്രത്തിൽ ഇടംപിടിക്കാൻ പോവുകയാണ്. വധശിക്ഷ വിധിക്കപ്പെട്ട മുഴുവൻ പ്രതികളും പോപ്പുലർ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയും പ്രവർത്തകരാണ്. 2021 ഡിസംബർ 19-ന് പുലർച്ചെയാണ് പ്രതികൾ സംഘടിച്ച് രൺജിത്തിന്റെ വീട്ടിൽ അതിക്രമിച്ചുകയറി അദ്ദേഹത്തെ തലങ്ങും വിലങ്ങും വെട്ടിവീഴ്‌ത്തിയത്. ജില്ലയിൽ ഒന്നിനു പിറകെ ഒന്നായി നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ മൂന്നാമത്തേതായിരുന്നു ഇത്.

രൺജിത്ത് കൊല്ലപ്പെടുന്നതിന് തൊട്ടു തലേന്നാണ് എസ്.ഡി.പി.ഐ നേതാവ് കെ.എസ്. ഷാൻ ആലപ്പുഴയിൽത്തന്നെ മണ്ണഞ്ചേരിയിൽ സമാനരീതിയിൽ കൊല്ലപ്പെടുന്നത്. നാല്പത്തൊന്നു വെട്ടുകളാണ് ഷാനിന്റെ ദേഹത്തുണ്ടായിരുന്നത്. ഇതിന്റെ പ്രതികാരമെന്ന നിലയ്ക്കു മാത്രമായിരുന്നില്ല രൺജിത്തിന്റെ വധമെന്ന് പ്രോസിക്യൂഷൻ കരുതുന്നില്ല. നേരത്തേതന്നെ തയ്യാറാക്കിയ ആസൂത്രിത പദ്ധതി നടപ്പാക്കാനുള്ള ഒരു നിമിത്തം മാത്രമായിരുന്നു പ്രതികൾക്ക് ഷാനിന്റെ വധമെന്നാണ് അവരുടെ കണ്ടെത്തൽ. അതു സംബന്ധിച്ച തെളിവുകൾ ഹാജരാക്കാനും പ്രോസിക്യൂഷനു കഴിഞ്ഞു.

ഒരു പഴുതും നൽകാത്തവിധം കേസന്വേഷണം നടത്തി കുറ്റപത്രം തയ്യാറാക്കി കോടതിക്കു സമർപ്പിക്കാൻ പൊലീസ് കാണിച്ച ചുമതലാബോധം ശ്ളാഘനീയമാണ്. അതുപോലെ പ്രോസിക്യൂഷനും സന്ദർഭത്തിനൊത്ത് ഉയർന്നുവെന്നത് നിസ്തർക്കമാണ്. നിയമത്തിലെയും അന്വേഷണത്തിലെയും കാർക്കശ്യം ഒരുവിധത്തിലും പ്രതികളെ തുണയ്ക്കുന്നതായിരുന്നില്ല. അനിശ്ചിതമായി നീണ്ടുപോകാതെ രണ്ടുവർഷംകൊണ്ടുതന്നെ കേസിൽ തീർപ്പുണ്ടായതും എടുത്തുപറയേണ്ട കാര്യമാണ്.

അമ്മയും ഭാര്യയും മകളുമടങ്ങിയ കുടുംബത്തിന്റെ മുന്നിൽ വച്ചാണ് വീട്ടിനുള്ളിലേക്ക് ഇരച്ചെത്തിയ പ്രതികൾ രൺജിത്തിനെ അതിദാരുണമായി തുണ്ടുതുണ്ടാക്കിയത്. വായ്ക്കരി ഇടാൻ പോലുമാകാത്ത വിധത്തിലാണ് മുഖമാകെ വെട്ടി വികൃതമാക്കിയത്. മനുഷ്യർക്ക് ഇത്രയധികം ക്രൂരന്മാരാകാൻ കഴിയുമോ എന്നു തോന്നുംവിധത്തിലായിരുന്നു കൃത്യം. ശിക്ഷയുടെ കാര്യത്തിൽ പ്രതികൾ ഒരു ദയവും അർഹിക്കുന്നില്ലെന്ന തീർപ്പിലേക്ക് വിചാരണ കോടതിയെ എത്തിച്ചത് സമാനതകളില്ലാത്ത കൊലയുടെ രീതി തന്നെയാകാം. സെഷൻസ് കോടതിയുടേത് അന്തിമവിധിയായി കരുതാനാവില്ലെങ്കിലും അപ്പീലുകൾ എത്തുന്ന മേൽക്കോടതികൾക്കും കൊല നടന്ന സാഹചര്യങ്ങളും അതിന്റെ രീതികളുമൊക്കെ പരിഗണിക്കേണ്ടിവരും.

സമൂഹത്തെ നടുക്കുന്ന നരഹത്യകളിൽ പ്രതികൾക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കുമ്പോഴേ നീതി പുലർന്നു എന്നു പറയാനാവൂ. രൺജിത്ത് വധക്കേസിൽ പ്രതികൾ ശിക്ഷയെക്കുറിച്ച് പൂർണ ബോദ്ധ്യത്തോടെ തന്നെയാണ് ഈ പൈശാചിക കൃത്യത്തിന് ഇറങ്ങിത്തിരിച്ചതെന്നു വ്യക്തം. ഇതുപോലുള്ള എല്ലാ കേസുകൾക്കു പിന്നിലും രംഗത്തുവരാതെ അദൃശ്യരായി നിൽക്കുന്ന ബുദ്ധികേന്ദ്രങ്ങൾ കാണും. അവർ കേസിൽ പെടുന്നത് ചുരുക്കമായിരിക്കും. സംഘടനയ്ക്കുവേണ്ടി കൊല്ലാനും ചാകാനും തയ്യാറായവർ മാത്രമാകും ഏത് അധമ പ്രവൃത്തികൾ ചെയ്യാനും മുന്നോട്ടുവരിക.

ആലപ്പുഴയിൽത്തന്നെ ആദ്യം ഒരു ആർ.എസ്.എസ് പ്രവർത്തകൻ വധിക്കപ്പെട്ടതിനു പ്രതികാരമെന്നവണ്ണമാണ് എസ്.ഡി.പി.ഐ നേതാവിനെ വെട്ടിക്കൊന്നത്. അതിന്റെ നടുക്കം വിട്ടുമാറുംമുമ്പാണ് പിറ്റേദിവസം രൺജിത്തിന്റെ വധം നടപ്പാക്കിയത്. ഹിറ്റ്ലിസ്റ്റ് നേരത്തേ തയ്യാറാക്കി വച്ചിരുന്നു എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ തെളിവു നൽകിയത്. അതീവ ശ്രമകരമായിരുന്നു പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ദൗത്യങ്ങൾ. വളരെ വിപുലമായിരുന്നു സാക്ഷിപ്പട്ടിക. ശേഖരിച്ച തെളിവുകളാകട്ടെ അസംഖ്യവും. കൃത്യതയോടെ അവയൊക്കെ കോടതിയെ ബോദ്ധ്യപ്പെടുത്താനും പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിഞ്ഞുവെന്നതാണ് ഈ കേസിൽ എടുത്തുപറയേണ്ടത്.