ഫെബ്രുവരി 2ന് റിലീസ്

ജലത്തിൽ ഒഴുകി നടക്കുന്ന ആയിരക്കണക്കിന് അനാഥ മൃതദേഹങ്ങൾക്കു മുന്നിലാണ് സഞ്ജീവ് ശിവൻ സംവിധാനം ചെയ്യുന്ന ഒഴുകി ഒഴുകി ഒഴുകി എന്ന ചിത്രം സമർപ്പിക്കുന്നത്.പന്ത്രണ്ട് വയസുള്ള പാക്കരൻ എന്ന ആൺകുട്ടിയുടെ അനേഷ്വണങ്ങളിലൂടെയാണ് ചിത്രത്തിന്റെ അവതരണം. ശിവൻ കുടുംബത്തിലെ ഏറ്റവും പുതിയ തലമുറക്കാരനായ സിദ്ധാൻഷു സഞ്ജീവ് ശിവനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നല്ല കഥ ,നല്ല രീതിയിൽ പറഞ്ഞാൽ പ്രേക്ഷകർ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നെന്ന് സഞ്ജീവ് ശിവൻ പറഞ്ഞു.
ജലാശയത്തിലൂടെ മാത്രമാണ് ചിത്രത്തിന്റെ സഞ്ചാരം.
ഇൗ ലോകത്ത് എവിടെയും പ്രസക്തിയുള്ള കഥ . 90 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ
ശബ്ദത്തിനും ഏറെ പ്രാധാന്യമുണ്ടെന്ന് സഞ്ജീവ് ശിവൻ പറഞ്ഞു.ബീയാർ പ്രസാദിന്റെ ഹു എന്ന ചെറുകഥയുടെ ആശയം സഞ്ജീവ് ശിവന് ഇഷ്ടപ്പെട്ടതോടെയാണ് ഒഴുകി ഒഴുകി ഒഴുകി എന്ന ചിത്രം പിറക്കുന്നത്.
കൊവിഡ് കാലത്ത് ഈ കഥയുടെ പ്രസക്തി ഏറുകയും ചെയ്തു.ഒരു കുട്ടിയിലൂടെ പറയുന്ന കഥ. സാമൂഹ്യ വിഷയവും ചർച്ച ചെയ്യുന്നു.കുട്ടനാടിന്റെ പശ്ചാത്തലമാണ് ചിത്രത്തിന്റെ ഭൂമിക.
യദു കൃഷ്ണൻ, സൗബിൻ ഷാഹിർ, നരേൻ, ബൈജു സന്തോഷ്, കൊച്ചു പ്രേമൻ, സരിത, അഞ്ജന അപ്പുക്കുട്ടൻ, ദേവു മനോജ്, പൗളി വത്സൻ, സൂര്യകാന്ത് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സഞ്ജീവ് ശിവൻ, ബീയാർ പ്രസാദ് എന്നിവർ ചേർന്നാണ് തിരക്കഥ. ബോളിവുഡ് സംഗീത സംവിധായകനായ തോമസ് കാന്റിലനാണ് സംഗീത സംവിധാനം. ഒാസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം. ദേശീയ അവാർഡ് ജേതാവ് ശ്രീകർ പ്രസാദാണ് എഡിറ്റിംഗ്. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിക്കുന്നു. ട്രൈപോഡ് മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ദീപ്തി പിള്ള ശിവൻ ആണ് നിർമ്മാണം. ജപ്പാൻഅന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ, കൊൽക്കത്ത അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ച ചിത്രം മാർച്ച് 1ന് മോസ് കോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. ചിത്രം ഫെബ്രുവരി 2ന് തിയേറ്ററിൽ റിലീസ് ചെയ്യുമ്പോൾ ബീയാർ പ്രസാദും കൊച്ചു പ്രേമനും ഈ ലോകത്തില്ല.
ശിവൻ കുടുംബത്തിലെ
മൂന്നാം തലമുറ അഭിനയത്തിൽ
അച്ഛൻ സംവിധാനം ചെയ്യുന്ന ,അമ്മ ( ദീപ്തി പിള്ള ശിവൻ) നിർമ്മിക്കുന്ന ചിത്രത്തിലൂടെയാണ് തിരുവനന്തപുരം ശ്രീകാര്യം ലയോള സ്കൂൾ ഒൻപതാംക്ളാസ് വിദ്യാർത്ഥിയായ സിദ്ധാൻഷു സഞ്ജീവ് ശിവൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. സഞ്ജീവ് ശിവന്റെ മൂത്ത സഹോദരനും പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്റെ മകൻ സർവ്വജിത്ത് സന്തോഷ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ധാൻഷുവിന്റെ അഭിനയ അരങ്ങേറ്രം. അഭിനയം ഏറെ ഇഷ്ടപ്പെടുന്ന സിദ്ധാർഷു സ്കൂൾ നാടകത്തിൽ സജീവമാണ്. ലോകസിനിമകളോ കടുത്ത ആരാധകർ. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം ആദ്യം പറയുന്നത് മുത്തച്ഛനും അകലാത്തിൽ വിട പറഞ്ഞ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവനോടായിരുന്നു.
കുട്ടികളുടെ കഥ ചെയ്യാൻ സഞ്ജീവിനോട് ശിവൻ പറഞ്ഞു. അച്ഛന്റെ ആഗ്രഹം സഞ്ജീവിന്റെ മനസിൽ കിടന്നു. എല്ലാ സീനും സഞ്ജീവിന്റെ മുൻപിൽ അഭിനയിച്ചു കാണിച്ചാണ് സിദ്ധാൻഷു ക്യാമറയുടെ മുൻപിലേക്ക് എത്തുന്നത്.നീന്തലും കുട്ടനാടൻ ജീവിത രീതിയും പഠിക്കുകയും ചെയ്തു.
25 ദിവസത്തെ ചിത്രീകരണം 14 ദിവസം കൊണ്ടു പൂർത്തിയായതിന്റെ ക്രെഡിറ്ര് മകന് സഞ്ജീവ് നൽകുന്നു.
മാർച്ച് ഒന്നിന് മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കുമ്പോൾ സാന്നിദ്ധ്യം അറിയിക്കാൻ സിദ്ധാൻഷു ഉണ്ടാകും.