kn-balagopal

സുപ്രീം കോടതിയിലെ കേസുമായി മുന്നോട്ട്

തിരുവനന്തപുരം : കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡൽഹിയിൽ നടക്കുന്നത് പ്രക്ഷോഭം തന്നെയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ഇ.ഡി വന്നതോടെ ഡൽഹിയിലെ സമരം സമ്മേളനമാക്കി മാറ്റിയെന്നും സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നെന്നും ചോദ്യോത്തരവേളയിൽ രമേശ് ചെന്നിത്തല ആരോപിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

.കേന്ദ്രത്തിനെതിരെ സമരം മാത്രമല്ല. സുപ്രീം കോടതിയിൽ കേസുമായും സംസ്ഥാനം മുന്നോട്ടുപോവുകയാണ്. കീഴടങ്ങാതെ പൊരുതാനുള്ള മനസുള്ളതിനാലാണ് ഈ നിലപാട്. ധനകാര്യത്തിലെ പിടിപ്പുകേടും അനാവശ്യ ധൂർത്തുമാണ് പ്രതിസന്ധിക്ക് കാരണമെന്ന ചെന്നിത്തലയുടെ പരാമർശം ജി.എസ്.ടിയെ ചൊല്ലിയുള്ള വാദപ്രതിവാദത്തിനും വഴി വച്ചു.കോൺഗ്രസ് നേതൃത്വം നൽകിയ കേന്ദ്രസർക്കാരിന്റെ കുഞ്ഞാണ് ജി.എസ്.ടിയെന്ന് ധനമന്ത്രി പറഞ്ഞു. നിയമം കൊണ്ടുവന്നതും ബി.ജെ.പിക്കൊപ്പം ചേർന്ന് പാസാക്കിയതും കോൺഗ്രസാണ്.

അന്ന് രാജ്യസഭയിലുണ്ടായിരുന്ന താനും ഡി.രാജയുമാണ് ജി.എസ്.ടിയിലെ ആശങ്കകൾ അടിവരയിട്ട് വിയോജനക്കുറിപ്പെഴുതിയത്.

ആളോഹരി വരുമാനം കൂടുതലാണെന്ന കാരണം ചൂണ്ടിക്കാട്ടി കേരളത്തിനുള്ള വിഹിതം വെട്ടിക്കുറച്ച ധനകമ്മീഷൻ നടപടി സാമ്പത്തികമേഖലയ്ക്ക് പുറമെ പാർലമെന്ററി രംഗത്തടക്കം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും.. 1971ലെ സെൻസസ് അനുസരിച്ചാണ് മുൻ കമ്മീഷനുകൾ ശുപാർശകൾ തയ്യാറാക്കിയിരുന്നത്. എന്നാൽ, കഴിഞ്ഞ കമീഷൻ 2011 ആണ് അവലംബമാക്കിയത്. ഈ ജനസംഖ്യാ മാനദണ്ഡം പാർലമെന്റ് സീറ്റുകളുടെ കാര്യത്തിൽ ബാധകമാക്കിയാൽ കേരളത്തിൽ നിലവിലുള്ള 20ലോക്‌സഭാ സീറ്റുകൾ പന്ത്രണ്ടോ പതിമൂന്നോ ആയി ചുരുങ്ങും.കേരളത്തിന്റെ വിഹിതം വെട്ടുന്നതിന് ആളോഹരി വരുമാന കണക്ക് പരിഗണിച്ച കമ്മിഷൻ സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഗണിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.