
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള വിഹിതത്തിന്റെ 50 ശതമാനം ലഭിച്ചാൽ ട്രഷറി നിയന്ത്രണം പൂർണമായി പിൻവലിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. കിഫ്ബിയും പെൻഷൻ കമ്പനിയുമെടുത്ത വായ്പകൾ കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ട്. ഈ കടമെടുപ്പ് നഷ്ടമല്ല. ആസ്തി വർദ്ധന ഏറ്റവുമധികമുണ്ടായത് കേരളത്തിലാണ്. കരാറുകാർക്ക് 15,000 കോടി രൂപ കുടിശികയുണ്ടെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണ്. ഇന്നലെവരെയുള്ള കണക്കനുസരിച്ച് 1021കോടിയേ നൽകാനുള്ളൂ.
കെ.എസ്.എഫ്.ഇയിൽ മുടക്കമുള്ളവർക്ക് പ്രത്യേക പദ്ധതി
കെ.എസ്.എഫ്.ഇ ചിട്ടിയും ലോൺ തിരിച്ചടവും മുടങ്ങിയവർക്ക് ആനുകൂല്യം നൽകുന്നതിനായി പ്രത്യേക പദ്ധതി നാളെ മുതൽ നടപ്പിലാക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയെ അറിയിച്ചു. ഡിസംബർ 31ന് മുമ്പ് കുടിശികയായ ചിട്ടികൾക്കും വായ്പകൾക്കുമാണ് ഈ സൗകര്യം ലഭ്യമാവുക.
എട്ടു മാസത്തെ സെസ്
ഒരു മാസത്തെ പെൻഷൻ
നൽകാൻ തികയില്ല
തിരുവനന്തപുരം : ഇന്ധന, മദ്യ സെസിൽ നിന്ന് എട്ട് മാസമായി ആകെ ലഭിച്ചത് ഒരു മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ പോലും തികയുന്നില്ലെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ  പറഞ്ഞു.
2023 ഏപ്രിൽ ഒന്ന് മുതൽ നവംബർ 30 വരെ പെട്രോൾ, ഡീസൽ സെസ് ഇനത്തിൽ 600.78 കോടിയാണ് ലഭിച്ചത്. ഇന്ത്യൻ നിർമ്മിത വിദേശ മദ്യ സെസ് ഇനത്തിൽ 139.92 കോടിയും. ഒരു മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ വേണ്ടത് 900 കോടിയോളമാണ്
. ക്ഷേമപെൻഷന്റെ പേരിൽ സെസ് ഏർപ്പെടുത്തിയിട്ടും കുടിശിക വരുത്തിയ സർക്കാർ നടപടിയെ പ്രതിപക്ഷം വിമർശിച്ചപ്പോഴാണ് മന്ത്രി കണക്ക് നിരത്തിയത്.
ഓൺലൈൻ വ്യാപാരം
നികുതിക്ക് പുറത്ത്
തിരുവനന്തപുരം : ഓൺലൈൻ വഴിയുള്ള വ്യാപാരങ്ങൾ ഇപ്പോഴും നികുതി റഡാറിൽ വന്നിട്ടില്ലെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയെ അറിയിച്ചു.
ഐ.ജി.എസ്.ടി വിഹിതം കൃത്യമായി ലഭിക്കുന്നതിൽ ഇപ്പോഴും പോരായ്മകൾ നിലനിൽക്കുയാണ്. വാറ്റ് കാലത്ത് ശരാശരി 16 ശതമാനമായിരുന്ന നികുതി. ജി.എസ്.ടി വന്നതോടെ 11 ശതമാനമായി കുറഞ്ഞു. എന്നാൽ ഇതിന്റെ ഗുണം ജനങ്ങൾക്കല്ല, കമ്പനികൾക്കാണ് കിട്ടിയത്. ആഭ്യന്തര നികുതി വരുമാനം വർദ്ധിപ്പിച്ചതു കൊണ്ടാണ് നിലവിലെ പ്രതിസന്ധിയിൽ സംസ്ഥാനത്തിന് പിടിച്ചുനിൽക്കാനാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ജി.എസ്.ടി വന്നതോടെ സ്വർണ്ണത്തിന്റെ നികുതി അഞ്ചിൽ നിന്ന് മൂന്ന് ശതമാനമായി കുറഞ്ഞു. ഇതിൽ ഒന്നര ശതമാനം മാത്രമേ സംസ്ഥാനത്തിന് ലഭിക്കൂ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുമ്പോൾ കവർച്ച ഭീഷണിയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി സ്വർണ്ണത്തിന് ഇവേ ബിൽ ഏർെപ്പടുത്തിയിട്ടില്ല. കേരളത്തിന്റെ നിരന്തരമുള്ള സമ്മർദ്ദം മൂലം സംസ്ഥാനത്തിനുള്ളിൽ സ്വർണം കൊണ്ടു പോകുന്നതിന് ഇവേ ബിൽ ഏർപ്പടുത്താൻ തീരമാനിച്ചിട്ടുണ്ട്. രണ്ട് ലക്ഷത്തിന് മുകളിലുള്ള സ്വർണത്തിനായിരിക്കും ഇവേ ബിൽ നിർബന്ധമാക്കുകയെന്നും മന്ത്രി പറഞ്ഞു.
ബ്രാൻഡിംഗിന്റെ പേരിൽ നിഷേധിച്ചത് 3000കോടി വായ്പ സഹായം
തിരുവനന്തപുരം : വിവിധ പദ്ധതികളിൽ കേന്ദ്രസർക്കാരിന്റെ ബ്രാൻഡിംഗ് നടപ്പാക്കിയില്ലെന്ന കാരണത്താൽ
3000 കോടി രൂപയുടെ പലിശ രഹിത വായ്പാ സഹായമാണ് കേന്ദ്രം നിഷേധിച്ചതെന്ന് മന്ത്രി ബാലഗോപാൽ  അറിയിച്ചു.
മൂലധന ചെലവുകൾക്കായുള്ള പ്രത്യേക സഹായ പദ്ധതിയുടെ വിവിധ ഭാഗങ്ങളിലായി അനുവദിക്കേണ്ട ഒരു തുകയും നടപ്പുവർഷംകേന്ദ്രം അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബസ് മുഖ്യമന്ത്രിക്ക്
അനാവശ്യം:
രാഹുലിന് ആവശ്യം
നവകേരളസദസ് നടത്താൻ മുഖ്യമന്ത്രിക്കായി ബസ് വാങ്ങിയപ്പോൾ അനാവശ്യമെന്നും ആർഭാടമെന്നും പറഞ്ഞവർക്ക്, അതിനേക്കാൾ മുന്തിയ ബസ് രാഹുൽ ഗാന്ധിക്കായി വാങ്ങിയപ്പോൾ മിണ്ടാട്ടമില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ
നിയമസഭയിൽ പറഞ്ഞുമ
ജോഡോ യാത്രയ്ക്ക് രാഹുൽ ഗാന്ധി വാങ്ങിയ ബസിൽഎ.സി.മുറിയും ലിഫ്റ്റും മറ്റ് സംവിധാനങ്ങളുമുണ്ട്.നവകേരളസദസിന് വാങ്ങിയത് സാധാരണ ടൂറിസ്റ്റ് ബസ് .
ഇതുപോലെയാണ് മുഖ്യമന്ത്രിയുടെ വീട്ടിൽ തൊഴുത്തു കെട്ടിയാലും കർട്ടൻ ഇട്ടാലുമെല്ലാം പറയുന്നത്. പ്രതിപക്ഷ നേതാവ് താമസിക്കുന്ന കന്റോൺമെന്റ് ഹൗസിൽ അടിക്കടി അറ്റക്കുറ്റപ്പണി നടത്തുന്നുണ്ട്. അത് ചെലവല്ലേ, ധൂർത്തെന്ന് പറഞ്ഞ് നടക്കുന്നവർ അത് ആലോചിക്കാറില്ല.കേരളത്തിൽ എത്ര ഭംഗിയായാണ് കാര്യങ്ങൾ നടക്കുന്നതെന്ന് നടൻ മോഹൻലാൽ പറഞ്ഞു. മലൈക്കോട്ടെ വാലിബൻ സിനിമാസഷൂട്ടിംഗുമായി ബന്ധപ്പെട്ട് യാത്ര ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കു വച്ചാണ് മോഹൻലാൽ കേരളത്തിന്റെ നേട്ടങ്ങൾ പറഞ്ഞത്.