h-salam-mla

തിരുവനന്തപുരം : സഹകരണ മേഖലയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് നൽകിയ ചോദ്യം പിൻവലിച്ച് സി.പി.എം എം.എൽ.എ. എച്ച്.സലാം. മുഖ്യമന്ത്രിയുടെ ഓഫീസ് അസംതൃപ്തി പ്രകടിപ്പിച്ചതോടെയാണ് അമ്പലപ്പുഴ അംഗം ചോദ്യം പിൻവലിച്ച് തലയൂരിയതെന്നാണ് അറിയുന്നത്.

പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ സഹകരണ സംഘങ്ങളും സ്ഥാപനങ്ങളും ഏതെല്ലാമെന്നും ഭരണസമിതിക്ക് നേതൃത്വം നൽകുന്നത് ഏത് രാഷ്ട്രീയ പാർട്ടിയാണെന്നും അവയുടെ ജില്ലതിരിച്ചുള്ള പട്ടികയും കണ്ടെത്തിയ ക്രമക്കേടുമാണ് ചോദ്യമായി ഉന്നയിച്ചത്. 10 ദിവസം മുൻപ് എം .എൽ .എ കൊടുത്ത ചോദ്യം നിയമസഭ വെബ്‌സൈറ്റിൽ നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളുടെ പട്ടികയിൽ 793 നമ്പരിട്ട് ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചു. മറുപടി തയ്യാറാക്കി സഹകരണ വകുപ്പിൽ നിന്ന് മന്ത്രി വി.എൻ. വാസവന് ഫയൽ ലഭ്യമാക്കിയപ്പോഴാണ് ചോദ്യത്തിലെ അപകടം മനസിലായത്. കരുവന്നൂർ, കണ്ടല ഉൾപ്പെടെ നടത്തിയിട്ടുള്ള ഗുരുതര ക്രമക്കേടിന്റെ കണക്ക് പുറത്തു വന്നാൽ തിരിച്ചടിയാവുമെന്നതിനാൽ വിഷയം സഹകരണ മന്ത്രി , മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. അതോടെയാണ് ചോദ്യം പിൻവലിക്കാനുള്ള നിർദ്ദേശം മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയത്.

ചോദ്യം പിൻവലിക്കണമെന്ന സലാമിന്റെ ഓൺലൈൻ അപേക്ഷ നിയമസഭ സെക്രട്ടറിക്ക് ലഭിച്ചതിനെ തുടർന്ന് വെബ്‌സൈറ്റിൽ നിന്ന് നീക്കിയെങ്കിലും അച്ചടിച്ച് വന്ന ചോദ്യങ്ങളുടെ ബുക്ക് ലെറ്റിൽ ഇടം നേടി.