
തിരുവനന്തപുരം: സർവ അതിരുകളും സംഘിച്ച് സർക്കാരിനെതിരെ കടുത്ത രാഷ്ട്രീയ ആക്രമണം നടത്തുന്ന ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവിയിലിരിക്കാൻ യോഗ്യനല്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം വിളപ്പിൽശാല ഇ,എം.എസ് അക്കാഡമിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.
ജനാധിപത്യപരവും സമാധാനപൂർണവുമായ വിദ്യാർത്ഥി സമരത്തിനു നേരെയാണ് ഗവർണർ പ്രതിഷേധിക്കുന്നത്. വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിന്റെ പേരിൽ ഗവർണർ കേന്ദ്രത്തോട് കൂടുതൽ സുരക്ഷ ആവശ്യപ്പെട്ടു. രാജ്ഭവനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണോ ഗവർണർ റോഡിൽ ഇരുന്നതെന്ന് യെച്ചൂരി പരിഹസിച്ചു. ഗവർണറുടെ പ്രസ്താവനകൾ ഭരണഘടനാ സംവിധാനത്തിന്റെ തകർച്ചയുടെ തുടക്കമാണ്. സർക്കാരിനു നേരെയുള്ള ആരോപണങ്ങൾ ജനങ്ങൾ തള്ളും.
കോൺഗ്രസിനെ അതിരൂക്ഷമായി വിമർശിച്ച യെച്ചൂരി, ജനാധിപത്യ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തി. സർക്കാരിനും മുഖ്യമന്ത്രിക്കും നേരെ അടിസ്ഥാനരഹതിമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. കേരളത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്രത്തിനെതിരെ കോൺഗ്രസ് ഒന്നും മിണ്ടാത്തത് ബി.ജെ.പിയെ സഹായിക്കാനാണ്. കോൺഗ്രസിന്റെ ഈ നിലപാട് ജനം തള്ളും. കേന്ദ്രത്തിനെതിരെ 8ന് ഡൽഹിയിൽ കേരള സർക്കാർ നടത്തുന്ന സമരം ഫെഡറലിസം ഉറപ്പാക്കാനാണ്. അന്ന് സംസ്ഥാനങ്ങളിൽ പാർട്ടി നേതൃത്വത്തിൽ പ്രതിഷേധം നടത്തണമെന്നും യെച്ചൂരി നിർദ്ദേശിച്ചു. എക്സാലോജിക് വിഷയത്തിൽ സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്രകമ്മിറ്റി ചർച്ച ചെയ്യേണ്ടതില്ലെന്നും യെച്ചൂരി പറഞ്ഞു.