
പാറശാല: പാറശാല അഗ്നിശമന നിലയത്തിന് ഇനി സ്വന്തം മന്ദിരത്തിൽ പ്രവർത്തിക്കാം. അതും ആധുനിക സൗകര്യങ്ങളോടുകൂടി. മുൻ മന്ത്രി എൻ.സുന്ദരൻ നാടാരുടെ കാലത്താണ് പാറശാലയിൽ ഫയർ സ്റ്റേഷൻ അനുവദിച്ചതെങ്കിലും അന്നുമുതൽ വാടകക്കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്. പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന നിലയം അവിടുത്തെ ജീവനക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. പരാതികൾ നിരന്തരം ഉണ്ടായെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ ആശ്വാസ നടപടികളുമുണ്ടായില്ല. ഇപ്പോൾ സർക്കാർ അനുവദിച്ച രണ്ടുകോടി ഉപയോഗിച്ച് നിർമ്മിക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില മന്ദിരത്തിന്റെ പണി പൂർത്തിയാവുന്നതോടെ നിലയത്തിന്റെ പ്രവർത്തനം പുതിയ മന്ദിരത്തിലേക്ക് മാറും. കഴിഞ്ഞ പത്ത് വർഷമായി പരിമിതമായ സൗകര്യങ്ങളോടു കൂടിയാണ് അഗ്നിരക്ഷാനിലയം പ്രവർത്തിച്ചുവരുന്നത്. സ്വന്തമായി മന്ദിരം നിർമ്മിക്കണമെന്ന ഫയർ സ്റ്റേഷനിലെ ജീവനക്കാരുടെയും നാട്ടുകാരുടെയും ചിരകാലാഭിലാഷമാണ് മന്ദിരത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ നടപ്പാവുന്നത്.
നിർമ്മാണം ഇങ്ങനെ
ഒന്നാംഘട്ടമായി ഗ്രൗണ്ട് ഫ്ലോറിൽ നാല് ഫയർ ട്രക്കുകൾക്ക് പാർക്ക് ചെയ്യുന്നതിനുള്ള പാർക്കിംഗ് ഏരിയയ്ക്ക് പുറമെ ഫയർ സ്റ്റേഷൻ ഓഫീസ്, ഇലക്ട്രിക്കൽ റൂം, മെക്കാനിക്കൽ റൂം, സ്റ്റോർ റൂം, വാച്ച് റൂം എന്നിവയും ഒന്നാം നിലയിൽ അഗ്നിശമന രക്ഷാസേനയിലെ അംഗങ്ങൾക്കായി വിശ്രമമുറി, സ്റ്റെയർ റൂം എന്നിവയുമാണ്. രണ്ടാം ഘട്ടത്തിൽ അണ്ടർ ഗ്രൗണ്ട് സബ് ടാങ്ക്, ചുറ്റുമതിൽ, ഒന്നാം നിലയിൽ വനിതാ ജീവനക്കാർക്കുള്ള വിശ്രമമുറി, അടുക്കള, ഡൈനിംഗ് ഹാൾ എന്നിവയും നിർമ്മിക്കും.
ബഹുനില മന്ദിരം
പാറശാല പഞ്ചായത്ത് വക പുത്തൻകട ആയുർവേദ ആശുപത്രിക്കു സമീപമാണ് 640 ചതുരശ്ര അടി വിസ്തീർണമുള്ള ബഹുനില മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 18ന് തറക്കല്ലിട്ട മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.