
'പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു ദേവസ്ത്രീയാക്കും കാടായ കാടുകൾ മുഴുവൻ ഞാനൊരു കതിർമണ്ഡപമാക്കും' എന്ന് ഗാനഗന്ധർവൻ യേശുദാസ് പാടിയ പഴയൊരു പാട്ടുണ്ട്. സർക്കാരിനെ കടിച്ചു കീറാൻ ധനപ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് , വളരെ സൗമ്യതയോടെ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം മൂളിയപ്പോൾ, അതിന് പിന്നിലൊരു പ്രേമിക്കൽ തന്ത്രമുണ്ടായിരുന്നു. യഥാർത്ഥ പ്രതിസന്ധി പ്രതിപക്ഷത്തെ ബോദ്ധ്യപ്പെടുത്തി, ഫെബ്രുവരി എട്ടിലെ ഡൽഹി സമരത്തിലേക്ക് അവരെ ഒന്നു കൂടി ക്ഷണിക്കുക, ക്ഷണം നിരസിച്ചാൽ സംസ്ഥാന വിരോധികളെന്ന് വരുത്തിത്തീർക്കുക. പക്ഷേ ആ തന്ത്രം പാളി. അനുഭവ സമ്പന്നനായ പി.കെ.കുഞ്ഞാലിക്കുട്ടിയോട് വേണം പ്രതിപക്ഷം അതിന് നന്ദി പറയാൻ.
ക്ളിഫ് ഹൗസിലെ സ്വിമ്മിംഗ് പൂൾ മുതൽ ചാണകക്കുഴിയുടെ പേരിൽ വരെയുള്ള ധൂർത്തും കേന്ദ്രത്തിൽ നിന്ന് കിട്ടിയതും കിട്ടാനുള്ളതുമായ കോടികളുടെ കണക്കും നിരത്തി റോജി.എം.ജോണാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. വേണ്ടത്ര മസാലക്കൂട്ട് ചേർത്ത് എഴുതി തയ്യാറാക്കി കൊണ്ടുവന്ന പ്രസംഗത്തിലൂടെ കടകംപള്ളി സുരേന്ദ്രൻ പ്രതിപക്ഷത്തെ ആക്രമിച്ച് ചർച്ച തുടങ്ങി. ഉരുളയ്ക്ക് ഉപ്പേരി കണക്കെ ചർച്ച കൊഴുക്കുമ്പോഴാണ് കുഞ്ഞാലിക്കുട്ടിയുടെ ഊഴം. എ.കെ.ആന്റണി സർക്കാരിന്റെ കാലത്തെ മുണ്ടുമുറുക്കി ഉടുക്കൽ സിദ്ധാന്തം ഓർമ്മിപ്പിച്ചാണ് അദ്ദേഹം തുടങ്ങിയത്. അതു പോലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചൊരു സന്ദേശം നൽകാൻ സർക്കാരിനാവുന്നില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുമ്പോൾ പ്രക്ഷോഭത്തിന് വിളിച്ചാൽ എങ്ങനെ വരാനാവും. ഇത് മത്സരത്തിന്റെ സമയമല്ലേ,. കുറച്ച് നേരത്തെ പറഞ്ഞിരുന്നെങ്കിൽ നോക്കാമായിരുന്നു എന്ന് പറഞ്ഞതോടെ ഭരണപക്ഷം വെട്ടിലായി.
ഏഴു ലക്ഷം ചെലവഴിച്ച് ക്ളിഫ് ഹൗസിൽ തൂക്കിയ കർട്ടൻ, സ്വർണ്ണം മുക്കിയതാണോ എന്നായിരുന്നു കെ.കെ.രമയുടെ സംശയം. ഉപയോഗം കഴിയുമ്പോൾ കർട്ടൻ മ്യൂസിയത്തിൽ സൂക്ഷിക്കണമെന്നൊരു നിർദ്ദേശവും അവർ വച്ചു.
നന്ദിപ്രമേയ ചർച്ചയുടെ രണ്ടാം ദിനത്തിലും 'ഗവർണർ നിഗ്രഹ'മായിരുന്നു മുഖ്യ ഇനം. എം.വിൻസെന്റാണ് പ്രതിപക്ഷ നിരയുടെ ആക്രമണം തുടങ്ങിയത്. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള അന്തർധാരയെക്കുറിച്ച് പറഞ്ഞ വിൻസെന്റ്, ചക്കിക്കൊത്ത ചങ്കരൻ എന്നൊരു പ്രയോഗവും നടത്തി. ബക്കറ്റിലെ വെള്ളത്തിന്റെ കഥ പറഞ്ഞ കാലത്ത് വി.എസും പിണറായിയും ഒരേ വേദിയിൽ മുഖാമുഖം നോക്കാതെ ഇരുന്നിട്ടുള്ള ഗതകാല ചരിത്രവും പരാമർശിച്ചു. ഗവർണർക്ക് 'ആപത്ബാന്ധവൻ' ബഹുമതിയും ചാർത്താൻ മറന്നില്ല.
ശരിയത്ത് വിവാദ കാലത്ത് കേന്ദ്രത്തിലെ കോൺഗ്രസ് മന്ത്രിസഭയിൽ നിന്ന് രാജി വച്ച ആരീഫ് മുഹമ്മദ് ഖാനെ കോഴിക്കോട്ട് കൊണ്ടുവന്ന് പ്രസംഗിപ്പിച്ചത് ഭരണപക്ഷ ബഞ്ചിനെ നോക്കി കെ.പി.എ മജീദ് ഓർമ്മിപ്പിച്ചപ്പോൾ മുതിർന്ന സി.പി.എം അംഗങ്ങൾ ഒന്നു പതുങ്ങി.
നവകേരള സദസ് വൻവിജയമാവുമെന്ന് താൻ പ്രവചിച്ച കാര്യമാണ് കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസ് വിളമ്പിയത്. നവകേരള സദസ് എന്ന ആശയം അങ്ങയുടെ ബുദ്ധിയിൽ ഉദിച്ചതാണോന്ന് ചോദിച്ചപ്പോൾ, ചിരിച്ചുകൊണ്ട് ഇത് താൻ രൂപകല്പന ചെയ്തതാണെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞത് ഓർത്ത തോമസിന് രോമാഞ്ചം .