തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കാനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്ന് സി.പി.എം ജനാൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പാർട്ടി കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം വിളപ്പിൽശാല ഇ.എം.എസ് അക്കാഡമിയിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഓരോ സംസ്ഥാനത്തെയും സാഹചര്യം വ്യത്യസ്തമാണ്. കേരളത്തിൽ എൽ.ഡി.എഫും കോൺഗ്രസും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ്. ബി. ജെ. പിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. തമിഴ്നാട്ടിൽ ഡി.എം.കെ നേതൃത്വത്തിലുള്ള മതേതര മുന്നണിയാണ്. ബീഹാറിൽ നിതീഷ് കുമാർ ഒഴിച്ചുള്ള മഹാഗഡ്ബന്ധൻ സഖ്യം നിലവിലുണ്ട്. ബി.ജെ.പിയെ പുറത്താക്കുകയെന്ന ഏക ലക്ഷ്യത്തോടെയാണ് ഇതെല്ലാം. ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഇന്ത്യസഖ്യത്തിന് പൊതു സ്ഥാനാർഥികളുണ്ടാകും. കേരളം, ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ ഇത് സാദ്ധ്യമാകില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ രണ്ടും രണ്ടും കൂട്ടിയാൽ എപ്പോഴും നാലാകണമെന്നില്ല. ബീഹാറിലെ സംഭവവികാസങ്ങൾക്ക് ഏക ഉത്തരവാദി നിതീഷ് കുമാർ മാത്രമാണ്.
ഇ.ഡിയെ ഉപയോഗിച്ച് ജനാധിപത്യ കുരുതിയാണ് ബി.ജെ.പി നടത്തുന്നത്. 2019നുശേഷം 5500ൽപ്പരം കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ശിക്ഷിക്കപ്പെട്ടത് 23% മാത്രമാണ്. ബി.ജെ.പിയിൽ പോയവർക്കെതിരെയുള്ള കേസുകളെല്ലാം ഇല്ലാതാക്കുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.