d

തിരുവനന്തപുരം: 1200 വർഷത്തിന് മുകളിൽ പഴക്കമുള്ള ദക്ഷിണ നളന്ദ എന്നറിയപ്പെടുന്ന വലിയശാല കാന്തള്ളൂർ ശാലയിലെ പ്രധാന നടകൾ നവീകരിക്കുന്നു. കാലപ്പഴക്കം കാരണം ജീർണാവസ്ഥയിലായ കിഴക്ക്,പടിഞ്ഞാറെ നടകളാണ് നവീകരിക്കുന്നത്.

20 കൊല്ലം മുമ്പ് കവാടത്തിലെ വാതിലുകൾ ജീർണിച്ചിരുന്നു.

അന്ന് പടിഞ്ഞാറേ നടയിലെ രണ്ട് വാതിലുകൾ മാറ്റി സ്ഥാപിച്ചതല്ലാതെ പിന്നീട് ഒരു നവീകരണവും നടത്തിയിരുന്നില്ല. പ്രധാന നടകളുടെ കവാടങ്ങൾ കൂടുതൽ ജീർണാവസ്ഥയിലായതിനെ തുടർന്ന് വലിയശാല വാർഡ് കൗൺസിലർ കൃഷ്ണകുമാറാണ് നവീകരണ പദ്ധതിയെന്ന ആശയം മുന്നോട്ടുവച്ചത്. നഗരസഭാ സെക്രട്ടറിയെ സമീപിച്ചതോടെ സെക്രട്ടറി ഉൾപ്പെടുന്ന ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ച് നവീകരണ പദ്ധതിയുടെ പ്ളാൻ തയ്യാറാക്കി നഗരസഭ കൗൺസിലിൽ അവതരിപ്പിച്ച് അനുമതി നേടുകയായിരുന്നു. ഇനി ടെൻഡർ നടപടികളാണുള്ളത്.

മഹാദേവ ക്ഷേത്രത്തിലെ ദേവീദേവന്മാരുടെ വേട്ട നടക്കുന്നത് പടിഞ്ഞാറേ നടയിലും ആറാട്ട് നടക്കുന്നത് കിഴക്കേനടയിലുമാണ്. കിഴക്കേനടയ്ക്കാണ് പ്രാധാന്യം കൂടുതലെന്നാണ് ഐതിഹ്യം.

നവീകരണം ഇങ്ങനെ

പ്രധാനപ്പെട്ട രണ്ട് നടകളുടെ കവാടവും തനിമ ചോരാതെ പുതുക്കിപ്പണിയും. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കവാടത്തിന്റെ മാതൃകയിൽ കവാടം നിർമ്മിക്കാനാണ് ആലോചന. അന്തിമ തീരുമാനമായിട്ടില്ല.

പ്രധാന നടകളിലേക്ക് കടക്കുന്ന റോഡുകൾ കരിങ്കൽ മാതൃകയിലുള്ള ടൈലുകൾ പാകും. ഒാരോ തവണയും ഇവിടെ റോഡ് ടാർ ചെയ്യുമ്പോൾ പുരാതനമായ പടിക്കെട്ടിന്റെ മൂന്ന് പടികൾ ടാറിംഗിലെ അപാകത കാരണം മണ്ണിനടയിലായി. ഈ സാഹചര്യത്തിൽ നിലവിലെ ടാറിംഗ് പൊളിച്ച് ആ മൂന്ന് പടികൾ കൂടി കാണാനാകുന്ന രീതിയിൽ റോഡിന്റെ ഉയരം കുറച്ചാണ് കരിങ്കൽ ടൈലുകൾ പാകുന്നത്.

ഇലക്ട്രിക് ലൈൻ ഉൾപ്പെടെയുള്ള എല്ലാ കേബിളുകളും റോഡിനടിയിൽ കൂടി പ്രത്യേക ഡക്ട് ഉണ്ടാക്കി കടത്തിവിടും.

ഇവിടത്തെ അഗ്രഹാരങ്ങളുടെ വൈദ്യുതി കണക്ഷനുകളും റോഡിനടിയിൽ കൂടിയാകും.

പ്രധാന പാതകളിലെ രണ്ട് വശത്തും രാമറാവു മാതൃകയിലുള്ള ലൈറ്റുകൾ സ്ഥാപിക്കും.

 നവീകരണച്ചെലവ് - 2.5 കോടി

 ഫണ്ട് അനുവദിക്കുന്നത്: പുരാവസ്തു വകുപ്പ്

കാന്തള്ളൂർ ശാല

ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും വിദ്യാർത്ഥികൾ പഠിക്കാനെത്തിയിരുന്ന വിജ്ഞാനകേന്ദ്രമായിരുന്നു വലിയശാലയിൽ സ്ഥിതിചെയ്യുന്ന കാന്തള്ളൂർശാല. സംഗീതം,ചിത്രമെഴുത്ത്,ഊർജതന്ത്രം,നാട്യം,മന്ത്രം,യോഗ,ധാതു പഠനം തുടങ്ങി 64 വിഷയങ്ങൾ ഇവിടെ പഠിപ്പിച്ചിരുന്നു. രാജേന്ദ്രചോളൻ വിഴിഞ്ഞത്തെ ആക്രമിച്ച് കീഴ്‌പ്പെടുത്തി 'രാജേന്ദ്രചോള പട്ടണം' സ്ഥാപിച്ചു. അധികനാൾ പിടിച്ചു നിൽക്കാനാകാതെ കാന്തള്ളൂർ ശാല വലിയശാലയിലേക്ക് മാറ്റി. ശാല സ്ഥിതിചെയ്‌ത സ്ഥലത്ത് ഇപ്പോൾ വലിയശാല മഹാദേവ ക്ഷേത്രമാണ്. കാന്തള്ളൂർ സർവകലാശാലയിൽ നിന്നാണ് വലിയശാല എന്ന പേര് വന്നതെന്നും അഭിപ്രായമുണ്ട്.