
തിരുവനന്തപുരം:യൂത്ത് കോൺഗ്രസ് വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കേസിലെ മുഖ്യ പ്രതി കാസർകോട് ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റ് ജയ്‌സൺ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.കോടതി നിർദേശ പ്രകാരമാണിത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
സി ആർ കാർഡ് എന്ന മൊബൈൽ ആപ്പുപയോഗിച്ചാണ് ജെയ്‌സൺ വ്യാപകമായി കാർഡുകൾ നിർമിച്ചത്. ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ ജയ്‌സൺ കുറ്റം സമ്മതിച്ചിരുന്നു. തന്റെ കംപ്യൂട്ടർ സ്ഥാപനം കേന്ദ്രീകരിച്ചാണ് കാർഡുകൾ നിർമിച്ചതെന്ന് ഇയാൾ മൊഴി നൽകിയിരുന്നു. പിടിച്ചെടുത്ത ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളുമടക്കം ഫോറൻസിക് പരിശോധനയ്‌ക്കായി കൈമാറിയിരിക്കുകയാണ്. പരിശോധനാ ഫലം വരുന്നതോടെ കൂടുതൽ തെളിവുകൾ ലഭിച്ചേക്കും.
ജയ്‌സന്റെ സഹായി രാകേഷിനെ കഴിഞ്ഞ മാസം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജയ്‌സനെ പൊലീസ് ചോദ്യം ചെയ്‌തു. ആപ്ലിക്കേഷൻ നിർമിക്കാനുള്ള സാങ്കേതിക വിദ്യ താനാണ് രാകേഷടക്കമുള്ളവർക്ക് നൽകിയതെന്ന് ജയ്‌സൺ മൊഴി നൽകിയിട്ടുണ്ട്.
കീഴടങ്ങി ചോദ്യം ചെയ്യലിന് വിധേയനായാൽ അറസ്റ്റ് ചെയ്യരുതെന്ന് തിരുവനന്തപുരം സെഷൻസ് കോടതി നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ശേഷം ജയ്‌സനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കേസിലെ മറ്റൊരു പ്രതിയും യൂത്ത്‌കോൺഗ്രസ് നേതാവുമായ രഞ്ജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.