മരുതറോഡ്: രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ റോഡരികിൽ ലോട്ടറി വിറ്റിരുന്ന യുവതിക്കു നൽകി അമ്മ കടന്നുകളഞ്ഞ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. അസം സ്വദേശിനിയായ അമ്മയ്‌ക്കെതിരെ ശിശുസംരക്ഷണ നിയമപ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
കുഞ്ഞിനെ ഉപേക്ഷിച്ച അമ്മ എവിടെ പോയെന്നതു സംബന്ധിച്ച് ഇതുവരെ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഒരുമാസം മുമ്പ് അമ്മ കുഞ്ഞിനെ വിൽക്കാനുള്ള ശ്രമം നടത്തിയിരുന്നെന്നും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. കുഞ്ഞിനെ ശിശുസംരക്ഷണ സമിതിയുടെ ഉത്തരവു പ്രകാരം മലമ്പുഴ ആനന്ദ് ഭവനിലേക്കു മാറ്റി.
കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. ലോട്ടറി വിറ്റിരുന്ന യുവതിക്ക് കുഞ്ഞിനെ ഏൽപ്പിച്ച് അമ്മ പോവുകയായിരുന്നു. ലോട്ടറി വിൽപ്പനക്കാരി വിവരം നൽകിയതിനെ തുടർന്നു കസബ പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ മലമ്പുഴ ആനന്ദ് ഭവനിലേക്കു മാറ്റുകയായിരുന്നു.