
അഞ്ചാലുംമൂട്: ഉത്സവത്തിനിടയിലുണ്ടായ തർക്കത്തിന്റെ പേരിൽ കോട്ടയ്ക്കകത്ത് വീട്ടിൽ കയറി രാത്രിയിൽ അക്രമണം നടത്തുന്നതിനിടെ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ കൂടി പിടിയിൽ. മുരുന്തൽ കുപ്പണ ഉണ്ണി നിവാസിൽ സുമൻ (28), മുരുന്തൽ പന്തിയിൽ വീട് താരാ നിവാസിൽ അച്ചു എന്ന അരുൺജിത്ത് (24), പനമൂട്, മാമൂട്ടിൽ കിഴക്കതിൽ വീട്ടിൽ യദു (22) എന്നിവരാണ് അഞ്ചാലുമൂട് പൊലീസിന്റെ പിടിയിലായത്.
കോട്ടയ്ക്കകം കോക്കാട് വീട്ടിൽ ജി.മോഹനൻ പിള്ള (68) മരിച്ച കേസിലാണ് അറസ്റ്റ്. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് മുൻവിരോധത്തിന്റെ പേരിൽ ആക്രമണം നടത്തിയത്. സംഭവത്തിൽ മോഹനൻപിള്ളയുടെ സഹോദരൻ ശ്രീജിത്ത്, ബന്ധു ഗോപാലകൃഷ്ണ പിള്ള എന്നിവർക്ക് പരിക്കേറ്റിരുന്നു. കേസിലെ ഒന്നാം പ്രതി നീരാവിൽ കയനിയിൽ വടക്കതിൽ വിഷ്ണു സംഭവ ദിവസം തന്നെ പിടിയിലായിരുന്നു. അഞ്ചാലുംമൂട് ഇൻസ്പെക്ടർ ധർമ്മജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഗിരീഷ്, പ്രദീപ് കുമാർ, എ.എസ്.ഐ രാജേഷ്, സി.പി.ഒമാരായ ശിവകുമാർ, പ്രമോദ്, സനോജ്, റഫീക്ക്, ഷാഫി, രാജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.