നെയ്യാറ്റിൻകര: വലിയ പ്രതീക്ഷയോടെയാണ് മാതാപിതാക്കൾ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിപ്പിക്കുന്നത്. അവർ പഠിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തണമെന്നും ആഗ്രഹിക്കുന്നു. അതിലൂടെ തങ്ങൾക്ക് ലഭിക്കാതെപോയ സൗഭാഗ്യങ്ങൾ മക്കൾ നേടുമെന്ന പ്രതീക്ഷയാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. എന്നാൽ കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം രക്ഷിതാക്കളുടെ പ്രതീക്ഷകളെ തകർക്കുന്നതായി തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് പറഞ്ഞു. കേരളകൗമുദി ബോധപൗർണ്ണമി ക്ലബ്ബും റോട്ടറി ക്ലബ്ബ് ഒഫ് ചെങ്കലും കാരക്കോണം ഡോ.സാമുവേൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ നിയമ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരക്കോണം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.അഫുകാ സൂസൻ മാത്യു അദ്ധ്യക്ഷയായി. ബി.എസ്‌ സി നഴ്സിംഗ് വിദ്യാർത്ഥി ശ്രുതി എസ്.എസ് സ്വാഗതം പറഞ്ഞു.കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്.വിക്രമൻ ബോധ പൗർണ്ണമി സന്ദേശം നൽകി. ലയൺ ഇന്റർനാഷണൽ 318 എ റീഡിംഗ് ആക്ഷൻ ഡിസ്ട്രിക്ട് സെക്രട്ടറി ലയൺ എ.കെ.ഷാനവാസ് മുഖ്യ അതിഥിയായിരുന്നു. ലയൺസ് ക്ലബ്ബ് ഒഫ് ചെങ്കൽ പ്രസിഡന്റ് ലയൺ എസ്. മോഹനകുമാരൻ നായർ ലഹരിവിരുദ്ധ സന്ദേശം നൽകി. കേരള ലാ അക്കാഡമി അസിസ്റ്റന്റ് പ്രൊഫസർ അഡ്വ.രഞ്ജിനി പൊന്നൻ ഷീല നിയമസന്ദേശം നൽകി.കാരക്കോണം സി.എസ്.ഐ നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.സുജാ ബേബി വൈ.വി, അദ്ധ്യാപിക നവശ്രീ, ലയൺസ് ക്ലബ്ബ് ഒഫ് ചെങ്കൽ സെക്രട്ടറി ലയൺ രാധാകൃഷ്ണൻ ആർ, കേരളകൗമുദി അസിസ്റ്റന്റ് മാനേജർ (പി.എം.ഡി) കല എസ്.ഡി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പേരൂർക്കട ലാ അക്കാഡമി വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.