വർക്കല: വർക്കല സബ് ട്രഷറിയിൽ നിന്ന് മുദ്രപത്രം ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന് പരാതി.ബാങ്ക് ലോണുകൾ, കെട്ടിടവാടക കരാർ, തൊഴിലുറപ്പ്,ജനന മരണ സർട്ടിഫിക്കറ്റുകൾ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി 100 രൂപയുടെയോ 200രൂപയുടെയോ മുദ്രപത്രങ്ങളാണ് കൂടുതലും ഉപയോഗിക്കുന്നത്. 6 മാസത്തോളമായി 100 രൂപ പത്രത്തിന് ക്ഷാമം നേരിടുന്നുണ്ട്.100 രൂപ പത്രങ്ങളില്ലാത്തതിനാൽ 500 രൂപ പത്രത്തിൽ ആവശ്യം പൂർത്തിയാക്കേണ്ട അവസ്ഥയാണുള്ളത്.ആറ്റിങ്ങൽ, കടയ്ക്കാവൂർ ട്രഷറികളിൽ നിന്ന് മതിയായ മുദ്രപത്രം ലഭിക്കുന്നുണ്ടെന്നും ഇ സ്റ്റാമ്പിംഗ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാവും വർക്കല ട്രഷറിയിൽ നിന്നും മുദ്രപത്രം നൽകുന്നതിൽ കുറവ് വരുത്തിയിട്ടുള്ളതെന്നും പരക്കെ ആക്ഷേപമുണ്ട്. എന്നാൽ സ്റ്റാമ്പ് ഡിപ്പോയിൽ നിന്ന് 100രൂപയുടെ മുദ്രപത്രം ലഭിക്കുന്നില്ലെന്നും ഇതിന്റെ പ്രിന്റിംഗ് നിറുത്തിയതാണ് ക്ഷാമത്തിന് കാരണമെന്നും വർക്കല സബ്ട്രഷറി ഓഫീസർ പറഞ്ഞു.