
ആലപ്പുഴ : നവകേരള സദസിനോടനുബന്ധിച്ച് മുഖ്യമന്ത്രിയും മറ്റും പോകുന്നത് കാണുന്നതിന് കടയുടെ മുമ്പിൽ നിന്ന വ്യാപാരിയെ ഇരുമ്പ് പൈപ്പും ചുറ്റികയും കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.
പത്തിയൂർ വില്ലേജിൽ എരുവ മുറിയിൽ ഒറകാരിശ്ശേരിൽ വീട്ടിൽ അബ്ദുൾ വഹാബിനെ മുൻ വൈരാഗ്യം മൂലം കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ പത്തിയൂർ വില്ലേജിൽ എരുവ പടിഞ്ഞാറ് മുറിയിൽ അശ്വതി ഭവനത്തിൽ ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണിക്കൃഷ്ണൻ ( 27), എരുവ പടിഞ്ഞാറ് കൃഷ്ണാലയംതൈബു എന്നു വിളിക്കുന്ന വിഷ്ണു (26), എരുവ പടിഞ്ഞാറ് ചേനാത്ത് വടക്കതിൽ വീട്ടിൽ ജിതിൻ (22) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. അന്തപ്പൻ എന്ന് വിളിക്കുന്ന അരുണിനെ ഉൾപ്പെടെയുള്ള പ്രതികളെ ഇനി പിടികൂടാനുണ്ട്. കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐ. ഉദയകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ദീപക്, ഷാജഹാൻ, പ്രദീപ്, ഫിറോസ് അരുൺ, സബീഷ്, അരുൺ കൃഷ്ണൻ, വിവേക്, ശ്രീരാജ്, ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.