assembly

തിരുവനന്തപുരം: സംസ്ഥാനത്ത് പുല്ലുവെട്ടാൻ പോലും പണമില്ലെന്നും ട്രഷറി പൂട്ടി താക്കോലും പോക്കറ്റിലിട്ട് നടക്കുകയാണ് ധനമന്ത്രിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേന്ദ്രത്തിൽനിന്ന് 57,000 കോടി കിട്ടാനുണ്ടെങ്കിലും എല്ലാ ചെലവുകൾക്കും പണം നൽകിയിട്ടുണ്ടെന്നും ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുകയല്ലെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ. സംസ്ഥാനത്തെ ധന പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ റോജി എം.ജോൺ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന്റെ ചർച്ചയിലായിരുന്നു നിയമസഭയിൽ മന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോര്. ഉച്ചയ്ക്ക് ഒന്നുമുതൽ മൂന്ന് വരെയായിരുന്നു ചർച്ച. തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.

ചരിത്രത്തിലില്ലാത്ത ധനപ്രതിസന്ധിയാണ് സംസ്ഥാനത്തെന്ന് സതീശൻ കുറ്റപ്പെടുത്തി.

ഒാടപണിയാൻപോലും കാശില്ലാത്ത സ്ഥിതി. കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം കൊടുക്കാൻ പോലുമാകുന്നില്ല. മാവേലി സ്റ്റോറിൽ അവശ്യസാധനങ്ങളില്ല.സർക്കാർ ജീവനക്കാർക്ക് ലീവ് സറണ്ടറുമില്ല, ആറുഗഡു ക്ഷാമബത്ത കുടിശികയുമില്ല. എന്നിട്ടും സർക്കാർ പറയുന്നത് ഞങ്ങളുടെ കുഴപ്പമല്ല, കേന്ദ്രം പണം തരാത്തത് കൊണ്ടാണെന്ന്. എന്നാൽ എത്രയാണ് കേന്ദ്രം തരാനുള്ളതെന്ന് ചോദിച്ചാൽ പലർക്കും പല ഉത്തരമാണ്. ആരെ പറ്റിക്കാനാണിത്.

ധനപ്രതിസന്ധിക്ക് കേരളത്തെ മാത്രം കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ നിലപാട് ദൗർഭാഗ്യകരമെന്ന് ധനമന്ത്രി പറഞ്ഞു. നികുതി വരുമാനം രണ്ടുവർഷം കൊണ്ട് 47,000 കോടിയിൽ നിന്ന് 71,000മായി ഉയർന്നു. സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. എന്നാൽ, കാര്യങ്ങൾ ആകെ നിന്നുപോകുന്ന സാഹചര്യമില്ല. 24 മുൻഗണന മേഖലകളിൽ കേരളം ഒന്നാമതാണ്. മൂലധനച്ചെലവിൽ രാജ്യത്ത് മുന്നിലാണ്. മൊത്തം കടം വരുമാനത്തിന്റെ 39%ൽ നിന്ന് 35% ആയി കുറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. നികുതി പിരിക്കാതെ പെട്രോളിന് സെസ് കൂട്ടിയപ്പോൾ സെസുമില്ല, പെട്രോളിന്റെ കച്ചവടവുമില്ലെന്ന സ്ഥിതിയായെന്ന് റോജി എം.ജോൺ പരിഹസിച്ചു.