
തിരുവനന്തപുരം: ഇന്ത്യയുടെ മതേതരത്വത്തിന്റെ മരണമണി മുഴക്കിക്കൊണ്ടാണ് അയോദ്ധ്യയിൽ രാമക്ഷേത്രം ഉദ്‌ഘാടനം ചെയ്‌തതെന്ന് പാർട്ടി കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇ.എം.എസ് അക്കാഡമിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതവിശ്വാസത്തെ സി.പി.എം ബഹുമാനിക്കുന്നു. പക്ഷേ, ഭരണം, രാഷ്ട്രീയം എന്നിവയിൽ നിന്ന് മതത്തെ മാറ്റിനിറുത്തണം. പ്രധാനമന്ത്രി, ഉത്തർപ്രദേശ് മുഖ്യമന്ത്രി, ഗവർണർ ഉൾപ്പെടെ എല്ലാ സർക്കാർ സംവിധാനങ്ങളെയും ക്ഷേത്രോദ്‌ഘാടനത്തിന്റെ ഭാഗമാക്കി. ‘പ്രതിജ്ഞ നടപ്പാക്കി’ എന്ന് അഭിനന്ദിച്ചുകൊണ്ട് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇതെല്ലാം ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. മതത്തെയും ജനങ്ങളുടെ വിശ്വാസങ്ങളെയും രാഷ്‌ട്രീയ നേട്ടങ്ങൾക്കുവേണ്ടി ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണ്. ജാതിസമവാക്യങ്ങൾ ഉപയോഗിച്ചാണ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി വിജയം നേടിയത്.