
തിരുവനന്തപുരം: ചരിത്രനിമിഷത്തിന്റെ ഓർമ്മയ്ക്കായി പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ഫോർ വിമണിൽ വീ സാറ്റ് പോയിന്റ് ഒരുക്കി. പൂർണമായും വനിതകൾ നിർമ്മിച്ച ഉപഗ്രഹ പേലോഡായ വീ-സാറ്റ് പുതുവർഷദിനത്തിൽ ഐ.എസ്.ആർ.ഒ വിജയകരമായി വിക്ഷേപിച്ചിരുന്നു. കോളേജിന് മുന്നിലെ വീ-സാറ്റ് പോയിന്റിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയും ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി സെക്രട്ടറി ഡോ.രത്തൻ യു.ഖേൽക്കറും ചേർന്ന് നിർവഹിച്ചു. കോളേജ് ഡയറക്ടർ ഡോ.അബ്ദുൽ റഹ്മാൻ, പ്രിൻസിപ്പൽ ഡോ.ജയമോഹൻ.ജെ തുടങ്ങിയവർ പങ്കെടുത്തു. ലിസ് ഇന്റെല്ലിജന്റ് സൊല്യൂഷൻസ് എന്ന സ്ഥാപനമാണ് നിർമ്മാണച്ചെലവ് വഹിച്ചത്. അഞ്ചുവർഷക്കാലയളവിൽ 150ഓളം വിദ്യാർത്ഥികൾ ചേർന്ന് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ.ലിസി അബ്രഹാമിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്തതാണ് വീ-സാറ്റ്. അദ്ധ്യാപകരായ ഡോ.രശ്മി.ആർ,ഡോ.സുമിത്ര.എം.ഡി എന്നിവരും വിദ്യാർത്ഥികളായ ദേവിക.ഡി.കെ,സൂര്യ ജയകുമാർ,ഷെറിൽ മറിയം ജോസ് എന്നിവരും സംഘത്തിലുണ്ട്.
വിവരങ്ങൾ ലഭിച്ചുതുടങ്ങി
വീ-സാറ്റ് പേലോഡ് ഭ്രമണപഥത്തിൽ പ്രവർത്തനം തുടരുകയാണ്. ഭൗമോപരിതലത്തിൽ നിന്ന് 350 കിലോമീറ്റർ ഉയരെ അൾട്രാവയലറ്റ് രശ്മികളുടെ സാന്ദ്രത കണ്ടെത്തുകയാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ശേഖരിക്കുന്ന വിവരങ്ങൾ വി.എസ്.എസ്.സിയിലാണ് ലഭിക്കുന്നത്. കൂടുതൽ പഠനങ്ങൾക്ക് പ്രക്രിയ ഓട്ടോമേറ്റ് ചെയ്യാനുള്ള അൽഗോരിതം വികസിപ്പിക്കുകയാണ് ടീം വീസാറ്റ്.