പോത്തൻകോട്: ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ച ശേഷം ഒളിവിൽപ്പോയ ഭർത്താവിനായി പൊലീസ് തെരച്ചിൽ ശക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി 11ന് പോത്തൻകാേടിനു സമീപം കൊയ്‌ത്തൂർക്കോണത്താണ് സംഭവം. കൊയ്‌ത്തൂർക്കോണം താഴെകുന്നുകാട് കാവുവിള വീട്ടിൽ എസ്.സുധയെയാണ് (49) ഭർത്താവ് അനിൽകുമാർ വെട്ടിയത്.
കല്ലൂർ പാണൻവിളാകത്തെ ബന്ധുവിന്റെ മരണവീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു ആക്രമണം. പോത്തൻകോട് ഗ്രാമ പഞ്ചായത്ത് മുൻ അംഗമായ അനിൽകുമാർ സംഭവശേഷം ഒളിവിൽപ്പോയി. അനിൽകുമാറും സുധയും കഴിഞ്ഞ അഞ്ചുവർഷമായി പിണക്കത്തിലാണ്. വെട്ടുകൊണ്ട് മൂക്കിന്റെ ഭാഗം അറ്റുതൂങ്ങിയ നിലയിലായിരുന്ന സുധയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ മൂക്കിൽ പതിനഞ്ചോളം തുന്നലുണ്ട്.
2019 മുതൽ ഭർത്താവുമായി പിണങ്ങി താമസിക്കുന്ന സുധ വീട്ടുജോലി ചെയ്‌താണ് മൂന്ന് പെൺമക്കളെ വളർത്തുന്നത്. ബന്ധുവിന്റെ മരണവീട്ടിൽ വച്ച് പ്രകോപനമില്ലാതെ അനിൽകുമാർ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് സുധ പുറത്തിറങ്ങിയപ്പോൾ ഇയാൾ ഇടുപ്പിൽ കരുതിയിരുന്ന കത്തിയെടുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിന് നേരെയാണ് വെട്ടിയതെങ്കിലും യുവതി പെട്ടെന്ന് ഒഴിഞ്ഞുമാറിയപ്പോഴാണ് മൂക്കിൽ വെട്ടേറ്റത്. ആക്രമണത്തിൽ കൈവിരലിനും പരിക്കുണ്ട്. പ്രതിക്കെതിരെ വധശ്രമത്തിന് പോത്തൻകോട് പൊലീസ് കേസെടുത്തു.