ശംഖുംമുഖം: മുക്കുപണ്ടം പണയംവച്ച് പണം തട്ടാൻ ശ്രമിച്ച നാലുപേർ പിടിയിൽ. വലിയതുറ വേളാങ്കണ്ണി സ്വദേശി ജലസ്റ്റിൻ(38), കല്ലറ പാങ്ങോട് സ്വദേശി ഇർഷാദ്(47), കഠിനംകുളം ചിറ്റാറ്റ്മുക്ക് സ്വദേശി ഹുസൈൻ(45), തോന്നയ്ക്കൽ സ്വദേശി നജീം(62) എന്നിവരാണ് പൂന്തുറ പൊലീസിന്റെ പിടിയിലായത്. പൂന്തുറ കുമരിച്ചന്തയ്ക്കു സമീപത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് മുക്കുപണ്ടം പണയംവച്ച് പണം തട്ടാനായിരുന്നു ശ്രമം. തിങ്കളാഴ്ച വൈകിട്ടോടെ ജലസ്റ്റിൻ,ഹുസൈൻ എന്നിവർ ആശുപത്രിയിൽ ബിൽ അടയ്ക്കാൻ പണത്തിന് അത്യാവശ്യമാണെന്നു പറഞ്ഞ് പണയം വയ്ക്കാനായി രണ്ടു പവൻ തൂക്കം വരുന്ന മുക്കുപണ്ടമായ രണ്ടുവളകൾ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ ഏൽപ്പിച്ച് 70,000 രൂപ ആവശ്യപ്പെട്ടു. രേഖയായി സുനിൽ എന്ന പേരിലുള്ള ആധാർ കാർഡും നൽകി. എന്നാൽ ആധാർ ധനകാര്യ സ്ഥാപനത്തിലെ സോഫ്റ്റ്‌വെയറിലൂടെ പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് മനസിലായി. പണയം വയ്ക്കാനായി കൊണ്ടുവന്ന വളകൾ പരിശോധിച്ചതോടെ മുക്കുപണ്ടമാണെന്ന് മനസിലാക്കിയ ജീവനക്കാരി വിവരം ഹെഡ് ഓഫീസിലേക്ക് കൈമാറി. ഹെഡ് ഓഫീസർ പൂന്തുറ പൊലീസിനെ വിളിച്ചു. നെറ്റ്‌വർക്ക് തകരാറിലാണെന്നും അല്പനേരം കാത്തിരിക്കാനും ജീവനക്കാരി ഇവരോട് ആവശ്യപ്പെട്ടു. ഇതിനിടെ പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ ഇവർക്ക് പുറമേ ഇർഷാദ്, നജീം എന്നിവർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നും ഇവർ പുറത്തു കാത്ത് നിൽക്കുന്നതായും തിരിച്ചറിഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെയും പൊക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.