
തിരുവനന്തപുരം:ധന പ്രതിസന്ധിയുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയത്തിൽ ചർച്ചയ്ക്ക് വഴങ്ങി പ്രതിപക്ഷത്തെ കുടുക്കാനുള്ള സർക്കാർ തന്ത്രം പി.കെ.കുഞ്ഞാലിക്കുട്ടി പൊളിച്ചു. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരാണെന്നാരോപിച്ച് ഡൽഹിയിൽ ഫെബ്രുവരി 8ന് നടത്തുന്ന സമരത്തിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കുകയാണ്. ഇത് കേരളത്തോട് അവർക്ക് താൽപര്യമില്ലാത്തത് കൊണ്ടാണെന്ന് വരുത്താനാണ് സർക്കാർ പക്ഷം ശ്രമിച്ചത്. അതിന് അവസരമുണ്ടാക്കാനാണ് സർക്കാർ ചർച്ചയ്ക്ക് വഴങ്ങിയത് തന്നെ. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്ത് കാരണം പറഞ്ഞായാലും ഒരുമിച്ച് സമരം ചെയ്യുന്നത് യുക്തിയല്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പ്രമേയചർച്ചയ്ക്കിടയിൽ ചൂണ്ടിക്കാട്ടി. പരസ്പരം മത്സരിക്കാൻ തീരുമാനിച്ചിരിക്കെ ഒരുമിച്ച് സമരം ചെയ്യുന്നതങ്ങനെയെന്ന ചോദ്യത്തിന് സർക്കാരിന് മറുപടിയുണ്ടായില്ല.ഇതോടെ പതറിയ ഭരണപക്ഷത്തിന് പ്രതിപക്ഷാരോപണത്തിനെതിരെ ശക്തമായ പ്രതിരോധം ഉയർത്താൻ പോലുമായില്ല.
നികുതി പിരിവിലെ കെടുകാര്യസ്ഥതയാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് പ്രമേയം അവതരിപ്പിച്ച റോജി എം.ജോൺ കുറ്റപ്പെടുത്തി.26500കോടിയോളം രൂപയാണ് വിവിധവിഭാഗങ്ങളിലായി സർക്കാർ കൊടുക്കാനുളളത്. ഇത് എന്ന് കൊടുക്കാനാകുമെന്ന് ഉറപ്പുമില്ല.കടം വാങ്ങുന്നതിൽ രാജ്യത്ത് തന്നെ മുന്നിലാണ് കേരളം.എന്നിട്ടും കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്ന് പറഞ്ഞ് സമരം ചെയ്യുന്നത് പരിഹാസ്യമാണെന്ന് മാത്യു കുഴൽനാടനും ചൂണ്ടിക്കാട്ടി.സാമ്പത്തിക പ്രതിസന്ധി ഇത്രയ്ക്ക് കടുത്തിട്ടും സർക്കാരിന് അതിന്റെ ഗൗരവം കാണുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇത്തരത്തിൽ പ്രതിസന്ധിയുണ്ടായി.അന്ന് അത് ജനങ്ങളോട് തുറന്നുപറയാനും മറികടക്കാൻ കർമ്മപദ്ധതിയും തയ്യാറാക്കി.അത്തരം ആർജ്ജവം ഇപ്പോൾ സർക്കാർ കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കണക്കിൽ കൊരുത്ത് രാജേഷും സതീശനും
തിരുവനന്തപുരം:ലൈഫ് മിഷന് സർക്കാർ ചെലവാക്കിയത് വെറും 18 കോടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.അല്ലെന്ന് മന്ത്രി എം.ബി.രാജേഷ്.തെറ്റെന്ന് തെളിയിച്ചാൽ മാപ്പ് പറയാമെന്ന് സതീശൻ.കണക്കുമായി മന്ത്രിയെത്തിയിട്ടും
മാപ്പ് പറച്ചിലുണ്ടായില്ല.
ധനപ്രതിസന്ധിയുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയചർച്ചയ്ക്കിടയിലായിരുന്നു നിയമസഭയിൽ വാഗ്വാദം.പ്ളാൻ ഫണ്ടിൽ ലൈഫ് മിഷന് അനുവദിച്ചത് 717കോടി. ചെലവാക്കിയത് വെറും 18 കോടി.സർക്കാരിന്റെ അഭിമാന പദ്ധതി പോലും ധനപ്രതിസന്ധിയിൽ മുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയപ്പോൾ പ്രതിഷേധവുമായി മന്ത്രി എം.ബി.രാജേഷ് എഴുന്നേറ്റു. വി.ഡി.സതീശൻ വഴങ്ങിയില്ല.
പിന്നീട് ധനമന്ത്രിയുടെ മറുപടി പ്രസംഗത്തിനിടയിൽ പ്രതിപക്ഷത്തു നിന്ന് നിരവധി പേർ ചോദ്യവുമായി എഴുന്നേറ്റെങ്കിലും ധനമന്ത്രിയും വഴങ്ങിയില്ല. ചർച്ച തീർന്നപ്പോൾ മന്ത്രി രാജേഷിന് സംസാരിക്കാൻ സ്പീക്കർ അവസരം നൽകി. ഈ വർഷം ലൈഫ് മിഷന് 1628 കോടി ചെലവാക്കിയെന്ന് മന്ത്രി പറഞ്ഞു. അതിൽ പ്ളാൻ ഫണ്ട് എത്രയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടിയുണ്ടായില്ല.സർക്കാരിന്റെ വെബ് സൈറ്റിൽ ലൈഫ് മിഷൻ പ്ളാൻ ഫണ്ട് ചെലവ് 3.78% മാത്രമെന്ന് സതീശൻ ആവർത്തിച്ചു.