
തിരുവനന്തപുരം:സ്വർണ്ണവ്യാപാര മേഖലയിൽ നികുതി ചോർച്ചയില്ലെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.സ്വർണ്ണ മേഖലയിൽ നിന്ന് സർക്കാർ നികുതി പിരിക്കുന്നില്ലെന്ന് നിയമസഭയിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പ് കേരളത്തിൽ മാത്രം സ്വർണത്തിന് 5 ശതമാനം നികുതിയും മറ്റെല്ലാ സംസ്ഥാനങ്ങളിലും ഒരു ശതമാനവുമായിരുന്നു.ജിഎസ്ടി യിൽ സ്വർണത്തിന് 3 ശതമാനം നികുതി രാജ്യവ്യാപകമായി ഏർപ്പെടുത്തി.ജി എസ് ടി നടപ്പാക്കുന്നതിന്റെ മുൻവർഷം സ്വർണ മേഖലയിൽ നിന്നും ലഭിച്ച വാർഷിക നികുതി വരുമാനം 653 കോടി രൂപയായിരുന്നു.വാറ്റ് കാലഘട്ടത്തിൽ കേരളത്തിൽ മാത്രം അടിച്ചേൽപ്പിക്കപ്പെട്ട കോമ്പൗണ്ടിംഗ് നികുതി സമ്പ്രദായമായിരുന്നു. അതനുസരിച്ച് വിൽക്കാത്ത സ്വർണത്തിനു കൂടി നികുതി നൽകേണ്ട അവസ്ഥയിലാണ് ജിഎസ് ടിക്കു മുമ്പുള്ള വർഷങ്ങളിൽ ഉയർന്ന നികുതി വരുമാനമുണ്ടായത്.
ജിഎസ്ടി നിലവിൽ വന്നപ്പോൾ യഥാർത്ഥ വിൽപനയിൽ മാത്രമാണ് നികുതി ഈടാക്കി സർക്കാരിൽ അടയ്ക്കുന്നത്. ജി.എസ്.ടി. നടപ്പാക്കിയ 2017 -18 വർഷത്തിൽ 800 കോടിയോളം നികുതി ഒടുക്കിയെങ്കിലും 394.06 കോടി വീതം സംസ്ഥാനത്തിനും കേന്ദ്രത്തിനുമായി പങ്കു വയ്ക്കപ്പെട്ടു.അതാണ് കേരളത്തിന് നികുതി കുറഞ്ഞെന്ന ആക്ഷേപത്തിനിടയാക്കിയത്. വാറ്റ് കാലഘട്ടത്തിൽ വാർഷിക വിറ്റുവരവ് 40000 കോടിരൂപയായിരുന്നെങ്കിൽ,2021-22 ലെ വാർഷിക വിറ്റുവരവ് 101668.96 കോടി രൂപയാണ്. അതനുസരിച്ച് കേരളത്തിലും കേന്ദ്രത്തിലും ഒന്നര ശതമാനം വീതം നികുതി ലഭിക്കുന്നുണ്ടെന്നും.അബ്ദുൽ നാസർ പറഞ്ഞു.