
ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ് നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടി ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്യും. ഫാൻസ് ഗ്രൂപ്പായ വിജയ് മക്കൾ ഇയക്കമാണ് സമ്പൂർണ്ണ രാഷ്ട്രീയ പാർട്ടിയാവുന്നത്. ചെന്നൈക്ക് സമീപം പനയൂരിൽ ചേർന്ന ചേർന്ന ഇയക്കം ജനറൽ കൗൺസിൽ യോഗം പാർട്ടി അദ്ധ്യക്ഷനായി വിജയ്‌യെ തിരഞ്ഞെടുത്തു.
ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരെയും നിയമിച്ചു. കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റിക്കും ജനറൽ കൗൺസിൽ യോഗം രൂപം നൽകി. പാർട്ടിയുടെ പേര് തീരുമാനിക്കാൻ വിജയ്‌യെ ചുമതലപ്പെടുത്തി. പേര് തീരുമാനിച്ചാലുടൻ രജിസ്‌ട്രേഷൻ നടത്തും. തുടർന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പാർട്ടി രൂപീകരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പ്രവർത്തനം സജീവമാക്കും. യുവാക്കളാണ് വിജയ് സിനിമകളെ വിജയിപ്പിക്കുന്നത്. പരമാവധി യുവാക്കളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള പരിപാടികൾ ആരംഭിക്കാനും 200 അംഗ ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു.
തമിഴ്നാടിന്റെ പാരമ്പര്യത്തിന് ഉതകുന്ന പേരാകും പാർട്ടിക്കെന്നും പേരിനൊപ്പം 'കഴകം' ഉണ്ടാകുമെന്നും വിജയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. പത്തു വർഷമായി വിജയ് രാഷ്ട്രീയത്തിലെത്തുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. 68 സിനിമകളിൽ അഭിനയിച്ച വിജയ് ആരാധക കൂട്ടായ്മകൾ സജീവമായി നിലനിർത്താൻ ശ്രദ്ധിക്കാറുണ്ട്. ജീവകാരുണ്യപ്രവർത്തനങ്ങൾ, സൗജന്യ ഭക്ഷ്യവിതരണം, വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, വായനശാലകൾ, സായാഹ്ന ട്യൂഷൻ, നിയമസഹായം തുടങ്ങിയ പ്രവർത്തനങ്ങളാണ് വിജയ് ഫാൻസ് തമിഴ്നാട്ടിലുടനീളം നടത്തുന്നത്.
കഴിഞ്ഞ ജൂണിൽ ചെന്നൈയിൽ വിദ്യാർത്ഥികളുടെ പരിപാടിയിൽ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ രാഷ്ട്രീയ പ്രവേശത്തിന്റെ സൂചന ഉണ്ടായിരുന്നു. രാഷ്ട്രീയക്കാരിൽ നിന്ന് വോട്ടിനായി പണം വാങ്ങരുതെന്നും ബി.ആർ അംബേദ്കർ, പെരിയാർ ഇ.വി രാമസാമി, കെ കാമരാജ് തുടങ്ങിയ നേതാക്കളെ കുറിച്ച് സ്വയം ബോധവൽക്കരിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളോടും മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
തമിഴ് രാഷ്ട്രീയം താര സമ്പന്നം
എം.ജി.ആർ, ശിവാജി ഗണേശൻ, ജയലളിത, വിജയകാന്ത്, കമൽഹാസൻ എന്നിങ്ങനെ രാഷ്ട്രീയത്തിൽ എത്തിയ താരങ്ങളിൽ ഇനി 49 കാരനായ വിജയും. ഡി.എം.കെയുടെ ഉദയനിധി സ്റ്റാലിൻ (46), സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ (38) എന്നിവരുൾപ്പെടെയുള്ള ഒരു കൂട്ടം യുവ രാഷ്ട്രീയക്കാരുടെ കൂട്ടത്തിലാണ് വിജയ്. ഈ ഗ്രൂപ്പിൽ, സംവിധായകനും തമിഴ് ദേശീയവാദിയും നാം തമിഴർ പാർട്ടിയുടെ നേതാവുമായ 57 കാരനായ സീമാനാണ് മുതിർന്ന നേതാവ്.