1

കുളത്തൂർ : വീട് പണിക്കായി സമീപത്തെ ബാങ്കിൽ 10 ലക്ഷത്തിന്റെ ലോണിന് അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ് ഭാഗ്യദേവത ശങ്കരനെ കടാക്ഷിച്ചത്. ഇന്നലെ നറുക്കെടുത്ത സംസ്ഥാന സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷമാണ് അരശുംമൂട് ആർ.എസ് ഭവനിൽ ശങ്കരൻ നായരെ (53) തേടിയെത്തിയത്. അമ്പത് വർഷത്തിലേറെയായി കുളത്തൂർ അരശുംമൂട് ജംഗ്ഷനിൽ ശങ്കർ എന്ന പേരിൽ ഹോട്ടൽ നടത്തുകയാണ്. സമ്മാനാർഹമായ എസ്.ഒ 393750 എന്ന നമ്പറിലുള്ള ടിക്കറ്റ് ഇന്നലെ യൂണിയൻ ബാങ്കിന്റെ ആറ്റിപ്ര ശാഖയിൽ ഏൽപിച്ചു. കുളത്തൂർ എസ്.എൻ.എം ലൈബ്രറിക്ക് സമീപത്തെ ശ്രീമഹാലക്ഷ്മി ലക്കി സെന്ററിൽ നിന്നെടുത്ത ആറ് ടിക്കറ്റുകളിൽ ഒന്നിനാണ് സമ്മാനം. നറുക്കെടുപ്പിന് മണിക്കുറുകൾക്ക് മുമ്പാണ് ടിക്കറ്റെടുത്തതെന്ന് കടയുടമ കരിയം സ്വദേശി സുനിൽകുമാർ പറഞ്ഞു. ശങ്കരൻ നായർ പതിവായി ഇവിടെ നിന്ന് ടിക്കറ്റെടുക്കുമായിരുന്നു. വൈകിട്ട് നറുക്കെടുപ്പ് ഫലം വന്നതോടെ ഒന്നാംസമ്മാനം അടിച്ച വിവരം കടയിലെ ജീവനക്കാരി അശ്വതിയാണ് ശങ്കരനെ വിളിച്ചറിയിച്ചത്. നികുതികളും മറ്റും കഴിച്ച് 45 ലക്ഷം ടിക്കറ്റെടുത്തയാളിന് ലഭിക്കും. ഏജന്റിന് 7.5 ലക്ഷം കമ്മിഷൻ ഇനത്തിൽ ലഭിക്കും. മായയാണ് ശങ്കരന്റെ ഭാര്യ. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന രഞ്ജന,ബിരുദ വിദ്യാർത്ഥി സഞ്ചയ് എന്നിവരാണ് മക്കൾ.