
കോവളം: ബീച്ച് ടൂറിസത്തിന്റെ അനന്തസാദ്ധ്യതകൾ പ്രയോജനപ്പെടുത്തുംവിധം കാലാനുസൃതമായ പദ്ധതികൾ ആവിഷ്‌കരിക്കാനാണ് സർക്കാർ പരിശ്രമിക്കുന്നതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ആഘോഷപൂർവമായ വിവാഹങ്ങൾക്കും അന്താരാഷ്ട്ര സമ്മേളനങ്ങൾക്കും വേദിയാകാൻ ലോകോത്തര മികവോടെ നവീകരിച്ച കോവളത്തെ സമുദ്ര റിസോർട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡെസ്റ്റിനേഷൻ വെഡിംഗ് വ്യാപകമായ ഇന്നത്തെക്കാലത്ത് വിവിധ സ്ഥലങ്ങളിലുള്ളവർ കേരളത്തിലേക്ക് വന്ന് വിവാഹം നടത്തുന്നത് വർദ്ധിച്ചുവരികയാണ്. അതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ബീച്ച് ടൂറിസത്തിന് അനുയോജ്യമായ മാതൃകയിൽ തന്നെ അടുത്ത ഘട്ടത്തിൽ 24 മുറികൾ കൂടി നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.കെ.ടി.ഡി.സി ചെയർമാൻ പി.കെ.ശശി അദ്ധ്യക്ഷത വഹിച്ചു.മാനേജിംഗ് ഡയറക്ടർ ശിഖ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.ബോർഡ് ഡയറക്ടർമാരായ കെ.കെ.വത്സരാജ്,ബി.ബിജു,അഡ്വ.പി.എം.സുരേഷ് ബാബു,ഒ.കെ.വാസു,ബാബു ഗോപിനാഥ്,ബെന്നി മൂത്തേരി,തോമസ് ടി.കീപ്പുരം തുടങ്ങിയവർ പങ്കെടുത്തു.