
പാലാ : കടംകൊടുത്ത പണം തിരികെ ചോദിച്ച യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഭരണങ്ങാനം ഇളനാട് വാഴക്കാലായിൽ വീട്ടിൽ സിജോ (27) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ മാസം പാലാ സ്വദേശികളായ യുവാക്കളെ തടഞ്ഞുനിറുത്തി അസഭ്യം പറയുകയും ഹെൽമെറ്റ് കൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ യുവാവിന്റെ മൂക്കിന് സാരമായി പരിക്കേറ്റു. ഭരണങ്ങാനം സ്വദേശികളായ ബിനീഷ്, അനൂപ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പാലാ എസ്.ഐ ബിനുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.