abdhul-khader

കണ്ണൂർ: ഏഴ് വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ വൃദ്ധനെ വിവിധ വകുപ്പുകൾ പ്രകാരം 10 വർഷം തടവിനും 90,000 രൂപ പിഴ അടക്കാനും കോടതി ശിക്ഷിച്ചു. തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കോളാരി സ്വദേശി അബ്ദുൾ ഖാദർ (63) നസീബ് മൻസിൽ എന്നയാളെയാണ് മട്ടന്നൂർ അതിവേഗ പോക്‌സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്.
2022 നവംബർ മാസമാണ് കേസിന് ആസ്പദമായ സംഭവം. കച്ചവടം നടത്തുന്ന പ്രതിയുടെ കടയിൽ വച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നതാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി ഷീന ഹാജരായി. മട്ടന്നൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറായ ടി.സി രാജീവനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.