മലപ്പുറം: നിയമവും ബോധവത്കരണ പ്രവർത്തനങ്ങളും ശക്തമായിട്ടും കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ ജില്ലയിൽ വർദ്ധിക്കുന്നു. 2023ൽ കുട്ടികൾക്കെതിരായ 625 കുറ്റകൃത്യങ്ങളാണ് നടന്നതെന്ന് ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 605, 560 എന്നിങ്ങനെയായിരുന്നു.
പീഡനമാണ് ജില്ലയിൽ കുട്ടികൾ നേരിടുന്ന പ്രധാന കുറ്റകൃത്യം. 2023ൽ 160 കുട്ടികളാണ് പീഡനത്തിനിരയായത്. 2022ൽ ഇത് 142 ആയിരുന്നു. 2023ൽ 499 പോക്‌സോ കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. 2022, 2021 വർഷങ്ങളിൽ യഥാക്രമം 526, 462 പോക്‌സോ കേസുകളും രജിസ്റ്റർ ചെയ്തു. അയൽവാസികളിൽ നിന്നും നേരിട്ട അതിക്രമങ്ങളാണ് നേരത്തെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇന്ന് പ്രണയബന്ധങ്ങളിൽ അകപ്പെട്ട് സംഭവിക്കുന്ന ലൈംഗികാതിക്രമ കേസുകളാണ് കൂടുതലും. നിരന്തരമായ ചാറ്റിംഗിലൂടെ പ്രണയക്കുരുക്കിൽ അകപ്പെടുകയും ഫോട്ടോയും മറ്റും അയച്ച് കൊടുത്ത് ഒടുവിൽ ലൈംഗികാതിക്രമത്തിന് നിർബന്ധിതരാവുകയും ചെയ്യുന്ന കേസുകളാണ് നിലവിൽ കൂടുതലും. 12 മുതൽ 17 വയസ്സുള്ള കുട്ടികളാണ് അതിക്രമത്തിന് കൂടുതലും ഇരകളാവുന്നത്.
2023ൽ 33 കുട്ടികളെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട പരാതികളാണ് റിപ്പോർട്ട് ചെയ്തത്. 2022ൽ 41ഉം 2021ൽ 37ഉം കേസുകൾ രജിസ്റ്റർ ചെയ്തു. ശൈശവ വിവാഹം, സംരക്ഷണം നൽകാതിരിക്കൽ, മാനസികമായി പീഡിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ടുള്ള കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് പൊലീസിന്റെയും ജില്ലാ ശിശുക്ഷേ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൃത്യമായ ബോധവത്കരണം മൂലം കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയെന്ന് അധികൃതർ പറയുന്നു. എന്നിരുന്നാലും, പോക്‌സോ കേസുകളിലെ വിചാരണ നീണ്ട് പോകുന്നത് കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയാക്കുമെന്നതിനാൽ രക്ഷിതാക്കൾ നേരിട്ടും കേസുകൾ ഒത്തുതീർപ്പാക്കുന്നുണ്ട്. വിചാരണാ നടപടികൾ നീളുന്നതിനാൽ പല കുട്ടികളും വിവാഹം കഴിഞ്ഞ് പോകുന്നുണ്ട്. ഇതോടെ കേസുമായി മുന്നോട്ട് പോകാൻ അധികപേരും താത്പര്യപ്പെടുന്നില്ല.