മണ്ണാർക്കാട്: അട്ടപ്പാടി കള്ളമലയിൽ വീട്ടമ്മയും മദ്ധ്യവയസ്കനും തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ഇന്ന് വിധി പറയും. കള്ളമല ഊരിലെ നഞ്ചമുത്തന്റെ മകൾ മല്ലിക (45), കള്ളമല ഓക്കുവോട് റോഡിൽ സുരേഷ് (47) എന്നിവർ കൊല്ലപ്പെട്ട കേസിലാണ് വിധി.

പ്രതി മല്ലികയുടെ ഭർത്താവ് താഴെ ഊരിൽ നഞ്ചനെ (60) കുറ്റക്കാരനാണെന്ന് ജഡ്ജി ജോമോൻ ജോൺ ഇന്നലെ വിധിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 304, 379 പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 2017ലാണ് സംഭവം.

കെട്ടിട നിർമ്മാണ തൊഴിലാളിയായ സുരേഷിന്റെ സഹായിയായി മല്ലിക ജോലിക്ക് പോയിരുന്നു. സംഭവ ദിവസം നിർമ്മാണം നടക്കുന്ന വീടിന്റെ ടെറസിൽ കിടന്നുറങ്ങുന്നത് കണ്ട ഇരുവരെയും പ്രതി മുളവടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. അഗളി സി.ഐ ആയിരുന്ന ഹിദായത്തുള്ള മാമ്പ്ര ആണ് ആദ്യം കേസന്വേഷിച്ചത്. തുടർന്ന് സി.ഐ സലീഷ് എം.ശങ്കർ തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി.ജയൻ ഹാജരായി.