
ഉദിയൻകുളങ്ങര : ഡൽഹി യുവശക്തി മോഡൽ സ്കൂളിൽ നടന്ന ഫ്ലോർ ബാൾ വനിതാവിഭാഗത്തിൽ അമരവിള കാരുണ്യ റസിഡൻഷ്യൽ സ്പെഷ്യൽ സ്കൂളിലെ ആരതിക്ക് വെങ്കലം. ബൗദ്ധിക വൈകല്യമുള്ള ആരതി 3 വർഷമായി കാരുണ്യ സ്പെഷ്യൽ സ്കൂളിലെ പ്രീ വൊക്കേഷണൽ വിദ്യാർത്ഥിനിയാണ്. 2023 ജൂലായിൽ കോട്ടയം സാൻജോസ് സ്പെഷ്യൽ സ്കൂളിൽ നടന്ന ഫ്ലോർ ബാൾ സെലക്ഷൻ ക്യാമ്പിലാണ് ആദ്യമായി മത്സരിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവച്ച ആരതിക്ക് കേരള ടീമിൽ സെലക്ഷൻ കിട്ടുകയും നാഷണൽ ഗെയിംസിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയുമായിരുന്നു. ആരതിയുടെ പരിശീലനങ്ങൾക്ക് പിന്തുണയായി സ്കൂൾ ഡയറക്ടർ ടി.എസ്.ജിജിൻ,പ്രധാനദ്ധ്യാപിക ഹരിപ്രിയ,അദ്ധ്യാപകരായ ബിജില,അപർണ,മനോജ്,റാണി,പ്രിയ,വിജിത,അനുജ തുടങ്ങിയവർ ഒപ്പമുണ്ട്. 2025ൽ നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സ് വേൾഡ് വിന്റർ ഗെയിംസിൽ പങ്കെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരതിയും അദ്ധ്യാപകരും. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശികളായ വിജയൻ,ആശ ദമ്പതികളുടെ ഇളയ മകളാണ് ആരതി. സഹോദരൻ വിജീഷ്, കാരുണ്യയിലെ വിദ്യാർത്ഥിയാണ്.