
തിരുവനന്തപുരം: കോവളത്തെ കടൽക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ആഡംബര വിവാഹങ്ങൾക്കും അന്താരാഷ്ട്ര സമ്മേളനങ്ങൾക്കും വേദിയാകാൻ സജ്ജമായി കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ (കെ.ടി.ഡി.സി) പ്രീമിയം ബീച്ച് റിസോർട്ടായ സമുദ്ര.
12.68 കോടി രൂപ ചെലവിട്ട് ലോകോത്തര മികവോടെയാണ് റിസോർട്ട് നവീകരിച്ചത്. വിനോദസഞ്ചാരികൾക്ക് കോവളത്തിന്റെ പ്രകൃതിസൗന്ദര്യം മികച്ച രീതിയിൽ ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലാണ് രൂപകല്പന. റിസോർട്ടിലെ എല്ലാ മുറികളും കടലിന് അഭിമുഖമാണെന്നാണ് ഇവിടുത്തെ പ്രത്യേകത. ആകെയുള്ള 64 മുറികളിൽ 40 എണ്ണം ഇപ്പോൾ നവീകരിച്ചു. മികവോടെയാണ് മുറികളുടെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. ശേഷിക്കുന്ന 24 മുറികൾ അടുത്തഘട്ടത്തിൽ നവീകരിക്കും.
റിസോർട്ടിലെ ജി.വി.രാജ കൺവെൻഷൻ സെന്ററും ബീച്ചിന് അഭിമുഖമായുള്ള പുൽത്തകിടിയും നവീകരണത്തിന്റെ ഭാഗമായി കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്. 1000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് കൺവെൻഷൻ സെന്റർ. നവീകരണത്തിന്റെ ഭാഗമായുള്ള പുതിയ എ.സി പ്ലാന്റ് നിർമ്മാണം,ഇലക്ട്രിക്കൽ വർക്കുകൾ,ആകർഷകമായ യാർഡ് ലൈറ്റിംഗ്,അപ്രോച്ച് റോഡ് ടാറിംഗ് തുടങ്ങിയവ സമുദ്രയെ കൂടുതൽ ആകർഷകമാക്കുന്നു.
ബിസിനസ് മീറ്റിംഗുകൾ,കോൺഫറൻസുകൾ,പ്രൊഫഷണൽ സംഘടനകളുടെ യോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള സൗകര്യവും റിസോർട്ടിലുണ്ട്. റിസോർട്ട് സന്ദർശകർക്ക് വേറിട്ട അനുഭവം സമ്മാനിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നവീകരിച്ച റിസോർട്ട് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചൊവ്വാഴ്ചയാണ് ഉദ്ഘാടനം ചെയ്‌തത്.
ഫൈവ് സ്റ്റാർ പദവി വൈകാതെ
നിലവിൽ ത്രീ സ്റ്റാർ പദവിയാണ് സമുദ്ര റിസോർട്ടിനുള്ളത്. പുതിയ ആയുർവേദ സെന്റർ,നീന്തൽക്കുളത്തിന്റെ വിപുലീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയശേഷം ഫൈവ് സ്റ്റാർ പദവിക്ക് അപേക്ഷിക്കാനാണ് ആലോചിക്കുന്നതെന്ന് റിസോർട്ട് വൃത്തങ്ങൾ പറഞ്ഞു.
റിസോർട്ടിലെ പ്രധാന സൗകര്യങ്ങൾ
റസ്റ്റോറന്റ്
ബിയർ പാർലർ
നീന്തൽക്കുളം
വൈ ഫൈ കണക്ഷൻ
കൺവെൻഷൻ സെന്റർ
ട്രാവൽ അസിസ്റ്റന്റ്സ്
മുറികൾ അഞ്ചുവിധം
സീ വ്യൂ കോട്ടേജ്
സുപ്പീരിയർ സീ വ്യൂ
പ്രീമിയം സീ വ്യൂ
പ്രീമിയം പൂൾ വ്യൂ
സീ വ്യൂ
സമുദ്രയുടെ ചരിത്രം
1981ൽ 50 മുറികളുമായാണ് സമുദ്ര റിസോർട്ട് പ്രവർത്തനം ആരംഭിച്ചത്. 1997ൽ
12 മുറികളുള്ള പുതിയ ബ്ലോക്കും രണ്ട് കോട്ടേജുകളും ഇതിനൊപ്പം കൂട്ടിച്ചേർത്തു.