
തിരുവനന്തപുരം: റബർ കർഷകർക്കായി 300 കോടിയുടെ സഹായ പാക്കേജ് ഏപ്രിലിൽ നടപ്പാക്കുമെന്ന് മന്ത്രി പി.പ്രസാദ് നിയമസഭയിൽ പറഞ്ഞു. മോൻസ് ജോസഫ് അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. സബ്സിഡി കുടിശിക ഉടൻ തീർക്കും. അപേക്ഷിക്കാനുള്ള സാങ്കേതിക തകരാറുകൾ നീക്കും.
30,000 ഹെക്ടർ സ്ഥലത്തെ റബർ റീപ്ലാന്റ് ചെയ്യാൻ 225 കോടി നൽകും. അരലക്ഷം പേർക്ക് ഹെക്ടറിന് 75000 രൂപ വീതം സഹായം നൽകും. നല്ല തൈകൾ വികസിപ്പിക്കാൻ 28 നഴ്സറികൾക്ക് 6 ലക്ഷം വീതം നൽകും. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന 'കേര' പദ്ധതി വഴിയാണ് കേന്ദ്ര സഹായമില്ലാതെ പാക്കേജ് നടപ്പാക്കുക. കേന്ദ്ര അവഗണനയ്ക്കെതിരെ ഒറ്റക്കെട്ടായി രംഗത്തെത്തണം. റബർ വിഷയത്തിൽ കേന്ദ്രമാണ് മുഖ്യപ്രതിയെന്നും മന്ത്രി പറഞ്ഞു.
വിലസ്ഥിരതാ ഫണ്ട് ഉയർത്തുന്നതടക്കം റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. റബർ കർഷകർക്കായി സംസ്ഥാനം ഒന്നും ചെയ്യാതിരുന്നിട്ട് എല്ലാം കേന്ദ്രം തരട്ടെ എന്നു പറഞ്ഞ് നിവേദനം മാത്രം നൽകുന്നത് ശരിയല്ലെന്ന് മോൻസ് ജോസഫ് കുറ്റപ്പെടുത്തി. 2021-22ൽ 500 കോടി ബഡ്ജറ്റിൽ വകയിരുത്തിയെങ്കിലും 20 കോടിയും, 2022-23ൽ 600 കോടി വകയിരുത്തിയിട്ട് 161 കോടിയുമാണ് ചെലവിട്ടത്. റബർ വിലസ്ഥിരതാ ഫണ്ട് 300 രൂപയാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.