k-radhakrishnan

തിരുവനന്തപുരം: ശബരിമലയിലെത്തി ദർശനം നടത്താതെ മാലയൂരി മടങ്ങിയത് കപട ഭക്തരെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞതിനെച്ചൊല്ലി വിവാദം. ഇതിനെതിരെ ബി.ജെ.പി രംഗത്തെത്തി. അയ്യപ്പഭക്തരെ അവഹേളിക്കുകയാണ് മന്ത്രിയെന്നും മാപ്പു പറയണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഭക്തർക്ക് പന്തളത്തും മറ്റിടങ്ങളിലും മാലയൂരി തേങ്ങയുടച്ച് മടങ്ങേണ്ടിവന്ന സ്ഥിതിയുണ്ടായല്ലോ എന്ന് ചോദ്യോത്തര വേളയിൽ എം.വിൻസന്റിന്റെ പരാമർശത്തിനായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. യഥാർത്ഥ ഭക്തർ തിരക്കുണ്ടെന്ന് പറഞ്ഞ് ദർശനം നടത്താതെ മാലയൂരിയും തേങ്ങയുടച്ചും മടങ്ങില്ലെന്നും മന്ത്രി പറഞ്ഞു. സന്നിധാനം വരെ എത്തിയശേഷം ചിലർ ബോധപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചു. രണ്ടോ മൂന്നോപേർ മാലയൂരി പോയത് പെരുപ്പിച്ച് കാണിക്കുകയാണ്.

അന്യസംസ്ഥാനത്ത് നിന്നുള്ള ദൃശ്യം ശബരിമലയിൽ ഭക്തനെ മർദ്ദിക്കുന്നുവെന്ന തരത്തിൽ പ്രചരിപ്പിച്ചു. ശരണം വിളിയുമായി കൂട്ടിയോജിപ്പിച്ചായിരുന്നു വീഡിയോ പ്രചാരണങ്ങൾ. ഇതൊക്കെ ഭക്തരിൽ വലിയതോതിലുള്ള ആശങ്ക സൃഷ്‌ടിച്ചിരുന്നു. ശബരിമലയെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണോ ഈ വ്യാജപ്രചാരണങ്ങളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ വ്യാജവാർത്ത പ്രചരിപ്പിച്ചവരെ നിയന്ത്രിക്കാനായി.

എരുമേലിയിൽ പ്രശ്നമുണ്ടാക്കിയവർ വിളിച്ചത് ഡൗൺ ഡൗൺ കേരള സി.എം എന്നായിരുന്നു. അതിൽനിന്നും രാഷ്ട്രീയലക്ഷ്യം വ്യക്തമാണ്. മണ്ഡലകാലത്ത് പൊലീസിന്റെ പ്രവർത്തനം കാര്യക്ഷമമായിരുന്നു. തിരക്ക് നിയന്ത്രണവിധേയമാക്കാൻ പൊലീസിന് ചിലപ്പോൾ ഇടപെടേണ്ടി വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പലയിടത്തും വാഹനങ്ങൾ പൊലീസ് തടഞ്ഞിട്ടെന്നും സർക്കാരിന് മൾട്ടി ലാംഗ്വേജ് തെറി കേൾക്കേണ്ടി വന്നെന്നും പി.സി.വിഷ്‌ണുനാഥ് പരിഹസിച്ചു.

 ഹൈപവർ കമ്മിറ്റി പ്രവർത്തനം തൃപ്തികരമല്ല: മന്ത്രി

ശബരിമല ഹൈപവർ കമ്മിറ്റിയുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് മന്ത്രി കെ.രാധാകൃഷ്‌ണൻ നിയമസഭയിൽ പറഞ്ഞു. ഈ സാമ്പത്തികവർഷം ശബരിമലയ്ക്കായി 30 കോടി ബഡ്ജറ്റിൽ മാറ്റിവച്ചു.കൊവിഡിന് ശേഷം ശബരിമലയിൽ എത്തുന്നവരിൽ ഹൃദ്രോഗമുള്ളവരുടെ എണ്ണം കൂടി. 27എമർജൻസി സെന്ററുകളിൽ എത്തിയവരിൽ ഭൂരിഭാഗത്തിനും ഹൃദയപ്രശ്നങ്ങളായിരുന്നു. തീർത്ഥാടനത്തിനിടെ മരിച്ച കുട്ടിക്ക് ജന്മനാ ഹൃദ്രോഗമുണ്ടായിരുന്നു. ആ കുട്ടിയെ മലകയറ്റാൻ പാടില്ലായിരുന്നു.