
കേരളത്തിൽ കുറ്റകൃത്യങ്ങൾ കുത്തനേ കൂടുന്നു എന്നത് പുതിയ കാര്യമല്ല. എന്നാൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 37പേർ ജയിലുകളിലുണ്ടെന്നത് കേരളത്തെ സംബന്ധിച്ച് അത്ഭുതപ്പെടുത്തുന്നതാണ്. കൊലക്കുറ്റം പോലുള്ള ഗുരുതര കുറ്റകൃത്യങ്ങൾക്കാണ് കോടതികൾ വധശിക്ഷ വിധിക്കാറുള്ളത്. ആലപ്പുഴയിലെ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ.രൺജിത്ത് ശ്രീനിവാസനെ വീട്ടിൽ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ട് നിഷ്കരുണം വെട്ടിക്കൊന്ന കേസിൽ 15പേർക്ക് വധശിക്ഷ വിധിച്ചതോടെയാണ് ഈ ശിക്ഷ കിട്ടിയവരുടെ എണ്ണം 37ആയി ഉയർന്നത്. കേരളത്തിൽ ഏറ്റവുമധികം പേരെ വധശിക്ഷയ്ക്ക് വിധിച്ച കേസാണ് ആലപ്പുഴയിലേത്.
പൂജപ്പുര, വിയ്യൂർ, കണ്ണൂർ, വിയ്യൂർ അതിസുരക്ഷാ ജയിലുകളിലായാണ് വധശിക്ഷ വിധിക്കപ്പെട്ടവരെ പാർപ്പിച്ചിട്ടുള്ളത്. മിക്കവരും ശിക്ഷായിളവിനായി മേൽക്കോടതികളിൽ അപ്പീൽ നൽകിയിട്ടുണ്ട്. രാഷ്ട്രപതി ദയാഹർജി തള്ളിയാൽ തടവുകാരെ തൂക്കിലേറ്റാൻ കണ്ണൂരിൽ രണ്ടും പൂജപ്പുരയിൽ ഒന്നും കഴുമരങ്ങളുണ്ട്. ഒരിടത്തും സ്ഥിരം ആരാച്ചാർമാരില്ല. വധശിക്ഷ നടപ്പാക്കേണ്ടിവന്നാൽ 2ലക്ഷം രൂപ പ്രതിഫലം നൽകി ആരാച്ചാരെ നിയമിക്കും. നേരത്തേ ആരാച്ചാർക്കായി ഇന്റർവ്യൂ നടത്തിയപ്പോൾ എൻജിനിയറിംഗ് ബിരുദധാരികളും എം.ബി.എക്കാരുമെല്ലാം പങ്കെടുത്തിരുന്നു. നിർഭയ കേസിൽ വധശിക്ഷ നടപ്പാക്കിയതോടെ ജയിലുകളിലെ കഴുമരങ്ങൾ ബലപ്പെടുത്തിയിരുന്നു. തുരുമ്പ് നീക്കി പെയിന്റടിച്ച്, നിലത്ത് ഉറപ്പിച്ചിരിക്കുന്ന ബോൾട്ടുകളുടെ ബലം പരിശോധിച്ച്, ലിവറുകളുടെ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. അത്യപൂർവ കുറ്റങ്ങളിലല്ലാതെ വധശിക്ഷ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവുള്ളതിനാൽ ഇവരിൽ എത്രപേരുടെ ശിക്ഷ നടപ്പാക്കുമെന്ന് കണ്ടറിയണം.
വധശിക്ഷ കിട്ടിയവർ ഇവരാണ്:- അജിത്കുമാർ, അനിൽകുമാർ, നിനോ മാത്യു, ഗിരീഷ്, അനിൽകുമാർ, അരുൺശശി, കെ.ജിതകുമാർ, സുധീഷ്, ലബലുഹസൻ (എല്ലാവരും പൂജപ്പുര). രാജേന്ദ്രൻ, നരേന്ദ്രകുമാർ, പരിമാൾ സാഹു, വിശ്വനന്ദൻ (കണ്ണൂർ),ജോമോൻ, മുഹമ്മദ് അമിറുൾ ഇസ്‌ലാം, രഞ്ജിത്ത്, സുനിൽകുമാർ,ആലുവയിലെ പീഡനക്കേസ് പ്രതി അസ്‌ഫാക്ക്, (വിയ്യൂർ) റെജികുമാർ, അബ്ദുൾ നാസർ, തോമസ്ചാക്കോ (അതിസുരക്ഷാജയിൽ) കേരളത്തിൽ അവസാനം വധശിക്ഷ നടപ്പാക്കിയത് കണ്ണൂരിൽ 32വർഷം മുൻപാണ്. 14പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ റിപ്പർചന്ദ്രനെ 1991ൽ തൂക്കിലേറ്റി. പൂജപ്പുരയിൽ 1979ൽ കളിയിക്കാവിള സ്വദേശി അഴകേശനെയാണ് ഒടുവിൽ തൂക്കിലേറ്റിയത്. ദുർമന്ത്രവാദത്തിനായി നിരവധി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതാണ് കേസ്. ദയാഹർജിയും തള്ളിയശേഷം മരണവാറന്റ് പുറപ്പെടുവിച്ചാൽ കുറ്റവാളികളെ പാർപ്പിക്കേണ്ടത് കണ്ടംപ്ട് സെല്ലിലാണ്. പൂജപ്പുരയിൽ ഇത്തരത്തിലുള്ള അഞ്ചും കണ്ണൂരിൽ പത്തും സെല്ലുകളുണ്ട്. കണ്ണൂരിൽ ഒരേസമയം രണ്ടു പേരെ തൂക്കിലേറ്റാം. വിയ്യൂർ, തവനൂർ സെൻട്രൽജയിലുകളിലും അതിസുരക്ഷാജയിലിലും കഴുമരമില്ല. കേരളത്തിൽ ഇതുവരെ തൂക്കിലേറ്റിയത് 26പേരെയാണ്.
വധശിക്ഷ കിട്ടിയവർക്ക്
ഒരിക്കലും പരോൾ നൽകില്ല
ജയിൽ ജോലികൾ ചെയ്യണം
ഏകാന്ത തടവിൽ പാർപ്പിക്കില്ല
സാധാരണ തടവുകാർക്കൊപ്പം കഴിയണം
രാഷ്ട്രപതി ദയാഹർജി തള്ളിയാൽ ബ്ലാക്ക് വാറണ്ട്
ഈ ഘട്ടത്തിൽ പ്രത്യേക സെല്ലിൽ ഒറ്റയ്ക്കാക്കും
നിത്യേന മെഡിക്കൽ പരിശോധനകൾ
രോഗംബാധിക്കാതിരിക്കാൻ കരുതൽ
ആത്മഹത്യ ചെയ്യാതിരിക്കാൻ സുരക്ഷ
കഴുമരത്തിൽ നിന്ന്
രക്ഷപെട്ടവർ
1)ആലുവ കൂട്ടക്കൊലക്കേസിലെ ആന്റണി
(സുപ്രീംകോടതി ജീവപര്യന്തമാക്കി)
2)കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദൻ
(ഹൈക്കോടതി മരണം വരെ പരോളില്ലാത്ത തടവുശിക്ഷ വിധിച്ചു)
3)സൗമ്യ കേസിലെ ഗോവിന്ദച്ചാമി
(പൊലീസിന്റെയും പ്രോസിക്യൂഷന്റെയും പിഴവ് മുതലെടുത്ത് ശിക്ഷയിളവ് നേടി)
കഴുമരത്തിൽ നിന്ന്
ആന്റണി തിരിച്ചുവന്നു
ആളെയും കൂലിയും നിശ്ചയിച്ച്, തൂക്കിലേറ്റാൻ കഴുമരവും ബലപ്പെടുത്തി ബ്ലാക്ക് വാറണ്ടും കാത്തുകിടന്ന ഇരുളറയിൽ നിന്നാണ് ആന്റണി കൊലക്കയറൂരി ജീവിതത്തിലേക്ക് മടങ്ങിവന്നത്. ആലുവയിൽ ആറുപേരെ കൂട്ടക്കുരുതി നടത്തിയതിനുള്ള വധശിക്ഷ രാഷ്ട്രപതിയും അംഗീകരിച്ചതോടെ മൂന്നുവർഷം കൊലക്കയർ കാത്തുകഴിയുകയായിരുന്ന ആന്റണി, നിയമത്തിന്റെ അസാധാരണമായ നടപടികളിലൂടെയാണ് ജീവപര്യന്തം തടവുകാരനായി മാറിയത്. 2015ഏപ്രിലിൽ രാഷ്ട്രപതി ദയാഹർജി തള്ളിയതിനെത്തുടർന്ന് ശിക്ഷനടപ്പാക്കാനുള്ള ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കുന്ന ഘട്ടംവരെയെത്തിയിരുന്നു. വിചാരണക്കോടതിയാണ് വധശിക്ഷ നടപ്പാക്കാനുള്ള ഔദ്യോഗികഅറിയിപ്പായ ബ്ലാക്ക്‌വാറണ്ട് പുറപ്പെടുവിക്കേണ്ടത്. ആന്റണിക്ക് വധശിക്ഷ വിധിച്ച എറണാകുളം സി.ബി.ഐ കോടതി പ്രത്യേക കോടതിയായതിനാൽ സെഷൻസ് കോടതിയുടെ അധികാരമില്ലെന്ന നിയമക്കുരുക്കാണ് ബ്ലാക്ക്‌വാറണ്ട് വൈകിച്ചത്. ജില്ലാ സെഷൻസ് കോടതിക്ക് ബ്ലാക്ക്‌വാറണ്ട് പുറപ്പെടുവിക്കാനുള്ള പ്രത്യേക അനുമതി നേടിയെടുക്കാനുള്ള ശ്രമത്തിനിടെ, ആന്റണിയുടെ കുടുംബം സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുകയായിരുന്നു.
വധശിക്ഷ കിട്ടിയവർ
ഉത്തർപ്രദേശ്-------------100
ഗുജറാത്ത്------------------61
ജാർഖണ്ഡ്------------------46
മഹാരാഷ്ട്ര-----------------39
ഡൽഹി----------------------30
98
രാജ്യങ്ങളിൽ വധശിക്ഷ നിറുത്തലാക്കിയിട്ടുണ്ട്
539
പേരാണ് ഇന്ത്യയിൽ വധശിക്ഷ കാത്തുകഴിയുന്നത്