
ആറ്റിങ്ങൽ: പ്രതികൂല കാലാവസ്ഥയിലും സുഗന്ധ വ്യഞ്ജനമായ ഏല കൃഷി നടത്തി അയിലം സ്വദേശി ലില്ലി ശ്രദ്ധേയയാകുന്നു. കൊല്ലത്തുള്ള കൂട്ടുകാരി ഒരു വർഷം മുൻപ് നൽകിയ നാല് ഏല തൈകളാണ് പരീക്ഷണാർത്ഥം കൃഷി ചെയ്തത്. ജൈവ രീതിയിൽ കൃഷി ചെയ്ത് വേണ്ട പരിചരണം നൽകിയെങ്കിലും ഒരെണ്ണം അഴുകി പോയി. ബാക്കി മൂന്നെണ്ണവും നന്നായി വളരുകയും ഒന്നരമാസം മുൻപ് പൂക്കുകയും, കായ് വരികയും ചെയ്തു. തണലും, നീർവാർച്ചയുമുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഏലം വളരുന്നത്. അതിനാൽ ഇത് ഒരു പരീക്ഷണമായിരുന്നു. ലില്ലിയുടെ അയിലത്തെ മാളൂട്ടി വീട്ടിൽ ഏലം പൂത്തതും കായ്ച്ചതും കാണാൻ നിരവധിപേർ എത്തുന്നുണ്ട്.