
'മ്മടെ പി.കെ.ബഷീർ സംസാരിക്കാൻ എഴുന്നേറ്റാൽ സഭ മൊത്തത്തിൽ നിശബ്ദമാവും. അങ്ങോട്ടു കുത്തിയും ഇങ്ങോട്ടു തോണ്ടിയും ബഷീർ കത്തിക്കയറുന്നതു കാണാൻ കക്ഷിഭേദമന്യേ എല്ലാ സാമാജികർക്കും കൗതുകം. പറയുന്നതിൽ കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും കേൾക്കാൻ പൊടി രസമാണ്. നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയത്തിന്മേലുള്ള ചർച്ചയാണെങ്കിലും ഇന്നലെ ബഷീർ വാരിപ്പുണർന്നത് നവകേരള സദസ്സിനെ. പരാതിയും അഭിപ്രായങ്ങളും കേൾക്കാനും സംവാദം നടത്താനുമെന്ന പേരിൽ ആൾക്കാരെ ക്ഷണിച്ചിട്ട് പാലിൽ അണ്ടിപ്പരിപ്പ് അരച്ചുചാലിച്ച് ബൂർഷ്വാസികൾക്ക് കൊടുക്കുകയല്ലേ ചെയ്തതെന്ന ബഷീറിന്റെ ചോദ്യം കേട്ടപ്പോൾ ഭരണകക്ഷി അംഗങ്ങളും ചിരിച്ചുപോയി.
പരാതിയുമായി ചെന്നവരിൽ നിന്ന് ആരാണ് പരാതി വാങ്ങിയതെന്നറിയില്ല. മന്ത്രി രാജീവ് ബുദ്ധിയുള്ള സാധനമെന്നാണ് കരുതിയത്. പക്ഷെ അങ്ങനെയല്ല. പുതിയാപ്ളമാരെപ്പോലെ 20 മന്ത്രിമാർ കാസർകോട്ടു നിന്ന് തിരുവനന്തപുരം വരെ തിന്നുകൊഴുത്ത് സഞ്ചരിച്ചപ്പോൾ ഓരോരുത്തരുടെയും തൂക്കം ആറോ ഏഴോ കിലോ കൂടി . കോട്ടയത്ത് നവകേരള സദസിൽ റബ്ബറിന്റെ വിലയെക്കുറിച്ച് പറഞ്ഞ തോമസ് ചാഴികാടനെ മുഖ്യമന്ത്രി പരിഹസിച്ചു. എന്നിട്ടാണ് മാണികോൺഗ്രസുകാർ ഇപ്പോൾ റബ്ബർവിലയെക്കുറിച്ച് പരാതി പറയാൻ നിൽക്കുന്നതെന്ന പരിഹാസം കൂട്ടച്ചിരി ഉയർത്തി. ഡോ. എം.കെ.മുനീർ പണ്ട് എക്സ്പ്രസ് ഹൈവെ പദ്ധതി കൊണ്ടുവന്നപ്പോൾ പശുവിനെ കെട്ടാൻ പറ്റില്ലെന്നു പറഞ്ഞവരാണ് ഇപ്പോൾ കെ റെയിലുമായി ഇറങ്ങിയിരിക്കുന്നത്. നിശ്ചയിച്ച സമയം കഴിഞ്ഞും ബഷീർ പ്രസംഗം തുടർന്നപ്പോൾ സ്പീക്കർ ഷംസീർ ഇടപെട്ടു, ഒരു സീനിയർ മെമ്പറല്ലേ, ഒരു മിനിട്ട് കൂടി എന്ന ബഷീറിന്റെ കമന്റിൽ ഷംസീറും ചിരിച്ചുപോയി.
മിഥുനം സിനിമയിൽ നെടുമുടി വേണുവിന്റെ മന്ത്രവാദി, ഇന്നസെന്റ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ തല പൊട്ടിത്തെറിക്കാൻ ജപിച്ച നാളികേരം അടിക്കാൻ തയ്യാറെടുക്കുന്ന രംഗമുണ്ട്. സത്യം പറഞ്ഞില്ലെങ്കിൽ ഇപ്പോ തേങ്ങയുടയ്ക്കും എന്ന് മന്ത്രവാദി ഭീഷണിപ്പെടുത്തുന്ന രംഗം ആരും മറക്കില്ല. നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത പി.വി. അൻവർ മുൻകൂട്ടി എഴുതിക്കൊടുത്താണ് പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണവുമായി എത്തിയത്. തയ്യാറാക്കി കൊണ്ടുവന്ന ആരോപണം അൻവർ വായിച്ചുതുടങ്ങിയതോടെ പ്രതിപക്ഷം പരിഹാസ ശബ്ദമുയർത്തി തുടങ്ങി. ദാ വരുന്നുണ്ട്, ദാ കേട്ടോ, നിങ്ങളെ പ്രതിപക്ഷ നേതാവ് പറ്റിച്ചതെങ്ങനെ എന്ന് കേട്ടോ എന്നൊക്കെയുള്ള മുന്നറിയിപ്പുകൾ അൻവർ ഇടയ്ക്കിടെ പുറപ്പെടുവിച്ചുകൊണ്ടിരുന്നു. പക്ഷെ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ, സവാള പൊളിച്ചപോലായി. കെ.റെയിൽ പദ്ധതി അട്ടിമറിക്കാൻ കർണാടകയിലെ ഐ.ടി വ്യവസായികൾ 150 കോടി രൂപ, ഫ്രീസറുള്ള മീൻവണ്ടിയിൽ ചേറ്റുവ കടപ്പുറത്ത് എത്തിച്ച് വി.ഡി.സതീശന് കൈമാറി. അവിടെ നിന്ന് ആംബുലൻസിൽ കയറ്റി കൊണ്ടുപോയ പണം സതീശൻ കർണാടകത്തിൽ നിക്ഷേപിച്ചു. ഇതായിരുന്നു കെട്ടുറപ്പില്ലാത്ത തിരക്കഥ പോലെ മെനഞ്ഞ ആരോപണത്തിന്റെ രത്നചുരുക്കം. എല്ലാം കഴിഞ്ഞിട്ടും ഞെട്ടാതിരിക്കുന്ന സതീശനെയും ആർത്തുചിരിച്ച പ്രതിപക്ഷത്തെയും കണ്ടപ്പോൾ മിഥുനത്തിലെ ജഗതിയുടെ പരുവത്തിലായി അൻവർ.
രൂക്ഷമായ ഭാഷയിൽ അൻവറിന് പ്രതിപക്ഷ നേതാവ് മറുപടി നൽകുമെന്ന് പ്രതീക്ഷിച്ചവരുടെ കണക്ക് തെറ്റി. ആരോപണം കേട്ട് ചിരിക്കണോ, അൻവറിന്റെ ഗതികേട് ഓർത്ത് കരയണോ എന്ന സതീശന്റെ ചോദ്യം അൻവറിനെ വീർപ്പുമുട്ടിച്ചു. ആരോപണം സഭാരേഖകളിൽ നിന്ന് നീക്കേണ്ടെന്നും ഇവിടെ ഇങ്ങനെ ചിലർ ഉണ്ടായിരുന്നുവെന്ന് വരുംതലമുറ അറിയട്ടെ എന്നുകൂടി പറഞ്ഞതോടെ നനഞ്ഞ പടക്കം ചീറ്രി.
ഇരതേടി കാടിറങ്ങുന്ന വന്യമൃഗങ്ങൾ സർക്കാരിന്റെ നിറം നോക്കില്ലെന്ന് ബത്തേരി എം.എൽ.എ ഐ സി.ബാലകൃഷ്ണനെ പഠിപ്പിക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ വേണ്ടിവന്നു. വയനാട്ടിലെ കടുവകളുടെ ആക്രമണം സബ്മിഷനായി ഉന്നയിച്ചപ്പോഴാണ് മന്ത്രിയുടെ ക്ളാസ്. വർഷവും മന്ത്രിയും സർക്കാരിന്റെ നിറവും നോക്കിയല്ല വന്യജീവികൾ നാട്ടിലേക്കു വരിക. എം.എൽ.എ ആരെന്ന് കടുവയ്ക്കൊട്ട് അറിയുകയുമില്ല. 2021 ലാണ് കടുവകൾക്ക് അറിയാത്ത ശശീന്ദ്രൻ വനംമന്ത്രി ആയതെന്ന നിഷ്കളങ്ക പരാമർശവും സഭയിൽ ചിരിയുയർത്തി.