
ആറ്റിങ്ങൽ: ആറ്റിങ്ങൽ കേന്ദ്രമായി വനിതാ പൊലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തം. പൊലീസ് സ്റ്റേഷനുകളിൽ എത്തുന്ന കേസുകളിൽ സ്ത്രീകൾ പങ്കാളികളായി വരുന്ന കേസുകൾ നാൾക്കുനാൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇൗ ആവശ്യം ഉയരുന്നത്. കേസുമായി സ്റ്റേഷനിൽ എത്തുമ്പോൾ മൊഴി എടുക്കാനും ചോദ്യം ചെയ്യാനുമുള്ള വനിതാ പൊലീസിന്റെ കുറവ് കേസന്വേഷണം നീണ്ടുപോകുന്ന പ്രവണതയും ഈ മേഖലയിലുണ്ട്. നിലവിൽ ജില്ലയിൽ വർഷങ്ങൾക്ക് മുമ്പേ കഴക്കൂട്ടം കേന്ദ്രമാക്കി വനിതാ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നു. വർക്കല, ചിറയിൻകീഴ് താലൂക്കുകളുടെ കേന്ദ്രമായ ആറ്റിങ്ങലിൽ ഒരു വനിതാ പൊലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചാൽ സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകൾക്ക് കാലതാമസമില്ലാതെ അനുയോജ്യമായ തീരുമാനത്തിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഒരു വനിതാ പൊലീസ് മാത്രം
ആറ്റിങ്ങൽ ഡിവൈ.എസ്.പി ഓഫീസിന്റെ കീഴിൽ നിലവിൽ സ്റ്റേഷന് പുറത്ത് ഷീറ്റുമേഞ്ഞ ഹാളിൽ വനിതാ ഹെൽപ്പ് ലൈൻ മാത്രമാണിപ്പോൾ പ്രവർത്തിക്കുന്നത്. ഇവിടെ ദിവസവും ഒരു വനിതാ പൊലീസുകാരി മാത്രം ഡ്യൂട്ടി നോക്കി വരികയാണിപ്പോൾ. ഇത് തികച്ചു അപര്യാപ്തവുമാണ്. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ കീഴിൽ 7 പൊലീസ് സ്റ്റേഷനുകൾക്കായി ഒരു പിങ്ക് പൊലീസ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും അതും പ്രായോഗികമല്ല.
ഉള്ളത് പിങ്ക്പൊലീസ് മാത്രം
ആറ്റിങ്ങലിലെ രണ്ട് ബസ് സ്റ്റാൻഡുകളിൽ രാവിലെയും വൈകിട്ടും വനിതാപൊലീസിന്റെ സേവനം നിർബന്ധമാണ്. മറ്റ് സമയങ്ങളിൽ പൊതു പരിപാടികൾ ഉണ്ടെങ്കിൽ അവിടെയും പിങ്ക് പൊലീസിന് ഡ്യൂട്ടിയുണ്ടാകും. സ്റ്റേഷനിലെ മുഴുവൻ വനിതാ പൊലീസുകാരും ഇപ്പോൾ പിങ്ക് പൊലീസിലാണ്. ആറ്റിങ്ങലിൽ ഒരു കെട്ടിടസമുച്ചയത്തിൽ പ്രവർത്തിക്കുന്ന എസ്.ഐ, സി.ഐ, ഡി.വൈ.എസ്.പി എന്നീ മൂന്ന് സ്റ്റേഷനുകളിലുമായി നാലു വനിതാ പൊലീസുകാർ മാത്രമാണിപ്പോൾ ഡ്യൂട്ടിയിലുള്ളതെന്ന് പറയുന്നു.
സേവനം വേണം
സ്ത്രീകൾ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുമ്പോൾ മൊഴിയെടുക്കാനോ, ചോദ്യം ചെയ്യാനോ വനിതാ പൊലീസുകാരില്ല. കൂടുതൽ വനിത പൊലീസുകാരുടെ സേവനം ലഭ്യമായാൽ സ്ത്രീകൾ ഉൾപ്പെട്ട കേസുകളിൽ കഴിയുന്നത്ര വേഗത്തിൽ തീർപ്പ് കൽപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ.