തിരുവനന്തപുരം: ബന്ധുവിന്റെ കുടുംബ പ്രശ്‌നം തീർക്കാനെത്തിയ അഭിഭാഷകനെ തല്ലിക്കൊന്ന കേസിൽ പ്രതികളായ അച്ഛനും മകനും കുറ്റക്കാരെന്ന് കോടതി. കൊല്ലം തൃക്കോവിൽവട്ടം കിഴവൂർ സുൽഫി മൻസിലിൽ ഇബ്രാഹിംകുട്ടി, മകൻ സുൽഫിക്കർ എന്നിവരാണ് പ്രതികൾ. കൊല്ലം ബാർ അസോസിയേഷൻ അംഗമായ ബദറുദ്ദീനെയാണ് കൊലപ്പെടുത്തിയത്. ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. പി. അനിൽ കുമാർ ഇന്ന് ശിക്ഷ വിധിക്കും.

പ്രതിയായ സുൽഫിക്കറിന്റെ ഭാര്യയും നിർണ്ണായക സാക്ഷിയുമായ ഷമീറയുടെ അടുത്ത ബന്ധുവാണ് ബദറുദ്ദീൻ. ഷമീറയെ സുൾഫിക്കര്‍ മർദ്ദിച്ചതറിഞ്ഞ് പ്രതികളുടെ വീട്ടിൽ എത്തിയതായിരുന്നു ബദറുദ്ദീൻ. 2013 ഡിസംബർ ഒന്നിന് രാത്രി 8.15 നായിരുന്നു സംഭവം. ബദറുദ്ദീനെ തടിക്കഷ്ണം കൊണ്ട് തലങ്ങും വിലങ്ങും മർദ്ദിക്കുകയായിരുന്നു.ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊല്ലപ്പെട്ടത് കൊല്ലം ബാർ അസോസിയേഷനിലെ അംഗവും അവിടത്തെ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന വ്യക്തിയുമായതിനാൽ വിചാരണ ജില്ലയ്ക്ക് പുറത്തുളള കോടതിയിൽ വേണമെന്ന പ്രതികളുടെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതി കേസ് തിരുവനന്തപുരം കോടതിയിലേക്ക് മാറ്റിയത്.