
ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗവും ശിവഗിരി മഠം ശാഖാ സ്ഥാപനമായ ചേർത്തല മുഹമ്മ വിശ്വഗാജിമഠം സെക്രട്ടറിയുമായിരുന്ന സ്വാമി അസ്പർശാനന്ദയുടെ മോക്ഷദീപചടങ്ങുകൾ ശിവഗിരി മഠത്തിൽ ആചരിച്ചു. സമാധി സ്ഥാനത്ത് പ്രാർത്ഥന, ശാരദാമഠത്തിൽ അനുസ്മരണം, അന്നദാനം, മഹാസമാധയിൽ മോക്ഷദീപ പ്രാർത്ഥന എന്നിവ നടന്നു.
ഗുരുദേവ വാണികളെ സ്വജീവിതത്തിൽ പകർത്തിയ സംന്യാസി ശ്രേഷ്ഠനായിരുന്നു സ്വാമി
അസ്പർശാനന്ദയെന്ന് അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തിയ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. വിശ്വഗാജി മഠത്തെ സമൂഹത്തിലെ ശ്രദ്ധേയമായ കേന്ദ്രമാക്കി മാറ്റാനും ഒട്ടേറെ കുടുംബങ്ങൾക്ക് ജീവിതമാർഗം ലഭിക്കും വിധം വ്യവസായ സംരംഭങ്ങൾ ആരംഭിച്ച് മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനും സ്വാമിക്ക് കഴിഞ്ഞിരുന്നു. പ്രാർത്ഥനക്ക് സ്വാമി സച്ചിദാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവർ നേതൃത്വം നൽകി.മഠത്തിലെ മറ്റു സന്യാസി ശ്രേഷ്ഠരും ബ്രഹ്മചാരികളും വൈദികരും ഗുരുധർമ്മ പ്രചരണ സഭയുടെയും മാതൃസഭയുടെയും ഭാരവാഹികളും അംഗങ്ങളും സ്വാമിയുടെ കുടുംബ ബന്ധുക്കളും ചേർത്തല, മുഹമ്മ നിവാസികളായ നിരവധിപേരും സംബന്ധിച്ചു.