കാട്ടാക്കട: കാട്ടാക്കടയിൽ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത്കോൺഗ്രസ് നേതാവിന്റെ കാലിലൂടെ പൊലീസ് വാഹനം കയറിയ സംഭവത്തിൽ അന്വേഷണം ഇഴയുന്നു. രണ്ടുതവണ ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. സംഭവത്തിൽ പരിക്കേറ്റ അൻസലദാസ് ഇതോടെ കാട്ടാക്കട കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്‌തു.
തുടർന്ന് കോടതി ഇടപെടലിലൂടെ അപകടമുണ്ടാക്കിയ വാഹനം KL01BZ3475 ഇന്നോവ കാറാണെന്ന് കണ്ടെത്തിയതായി പൊലീസ് കോടതിയെ അറിയിച്ചു. എന്നാൽ ഡ്രൈവർ ആരാണെന്ന് കണ്ടെത്താനായില്ലെന്നാണ് പൊലീസിന്റെ ന്യായം. സംഭവവുമായി ബന്ധപ്പെട്ടു നൽകിയ രണ്ട് പരാതിയിലും അന്വേഷണം നടത്താനോ തന്റെ മൊഴിയെടുക്കാനോ പൊലീസ് തയ്യാറായിട്ടില്ലെന്നും പൊലീസ് വാഹനത്തിന്റെ നമ്പർ പോലും താനാണ് നൽകിയതെന്നും അൻസലദാസ് പറയുന്നു.
സാധാരണക്കാരനായ ഒരാളെ ഇടിച്ചിട്ട വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുന്നത് കുറ്റക്കാരെ സംരക്ഷിക്കാനാണെന്നാണ് ആക്ഷേപം. യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും മാറനല്ലൂർ സ്വദേശിയുമായ അൻസലദാസിന് 2023 ഡിസംബർ 22നാണ് അപകടമുണ്ടായത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ പൊലീസ് അകമ്പടി വാഹനം അൻസലദാസിനെ ഇടിച്ചിടുകയായിരുന്നു.
മുൻവശത്തെ ടയറിനടിയിൽപ്പെട്ട് ഇയാളുടെ കാൽകുഴയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരുമാസത്തെ ചികിത്സയ്‌ക്ക് ശേഷം ഇപ്പോൾ നടക്കാൻ പോലും കഴിയാതെ മാറനല്ലൂരിലെ വീട്ടിൽ വിശ്രമത്തിലാണ്. ഇനിയും മാസങ്ങളെടുത്താലേ കാൽ പൂർവ സ്ഥിതിയിലാകൂ.